കോഴിക്കോട്:കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് മുഖ്യമന്ത്രി ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കിലും മുഖ്യമന്ത്രിയെ സ്കാനിംഗ് അടക്കമുള്ള പരിശോധനകള്‍ക്ക് ഇന്നലെ വിധേയനാക്കിയിരുന്നു. പരിശോധനകളില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ ബുള്ളറ്റില്‍ പറയുന്നത്. മെഡിക്കൽ കോളേജിലെ മുതിർന്ന ഡോക്ടർമാരാണ് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.
മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് ചികിത്സയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കൊച്ചുമകൻ ഇഷാനും പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവരും കൊവിഡ് പോസിറ്റീവാണ്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ കോഴിക്കോട് മെഡിക്കൽ കോളേജിൽത്തന്നെ ക്വാറന്‍റീനിലാണ്. മകൾ വീണ കൊവിഡ് പോസിറ്റീവായത് പോളിംഗ് ദിവസമായിരുന്നു. അന്ന് പിപിഇ കിറ്റ് ധരിച്ച് അവർ വോട്ട് ചെയ്യാനെത്തിയിരുന്നു.