തിരുവനന്തപുരം: കോഴിക്കോട്ട് ജില്ലയില്‍ നിപ വൈറസ് ബാധ ആവര്‍ത്തിച്ചുവരുന്നതിന്റെ കാരണം കണ്ടെത്താന്‍ കേരളം പ്രത്യേകം സര്‍വെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നിപയെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദീകരിക്കാന്‍ ഇന്നു വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ”നിപ ആവര്‍ത്തിച്ചു വരുന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 2018-ലും 2019-ലും നിപ വൈറസ് ബാധ ഉണ്ടായപ്പോള്‍ കണ്ട സമാനമായ കാര്യങ്ങളാണ് ഇത്തവണയും കണ്ടെത്തിയത്. 36 വവ്വാലുകളുടെ സാമ്പിള്‍ പരിശോധിച്ചിട്ടും വൈറസ് സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല. ഐസിഎംആറും ഇതിനു വ്യക്തമായ ഉത്തരം നല്‍കുന്നില്ല. ഇതിനു വേണ്ടി സംസ്ഥാനം പ്രത്യേക സീറോ സര്‍വൈലന്‍സ് പഠനം നടത്തും” -മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിപയെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ നിപ ഭീഷണ പൂർണമായി ഒഴിഞ്ഞു പോയെന്ന് പറയാനാകില്ലെന്നും രണ്ടാം തരംഗ സാധ്യതകൾ തളളിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ”രോഗം കൂടുതൽ പേരിലേക്ക് വ്യാപിച്ചിട്ടില്ലെന്നുളളതാണ് ആശ്വാസം. വ്യാപനം തടയാനും രോഗ ബാധിതർക്ക് മികച്ച ചികിത്സ ഉറപ്പക്കാനും ഫലപ്രദമായ നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്” -അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.