തിരുവനന്തപുരം: സിപിഐ നേതാവ് സി.ദിവാകരന്റെ ആത്മകഥ കനല്‍വഴികളിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ആത്മകഥയില്‍ പരാമര്‍ശിക്കുന്ന എല്ലാ കാര്യങ്ങളും തനിക്കു സ്വീകാര്യമാണോ എന്ന ചര്‍ച്ചയ്ക്കു പ്രസക്തിയില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദനെ പ്രതിപക്ഷത്തിരുത്താന്‍ ഗൂഡാലോചന നടന്നുവെന്നു വിഎസ് കരുതിയിരുന്നുവെന്ന പുസ്തകത്തിലെ പരാമര്‍ശത്തിനു മറുപടി നല്‍കിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
ദിവാകരന്റെ ആത്മകഥയില്‍ പരാമര്‍ശിക്കുന്ന എല്ലാ കാര്യങ്ങളും തനിക്കു സ്വീകാര്യമാണോ എന്ന ചര്‍ച്ചയ്ക്കു പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് തന്റെ ആത്മകഥയല്ലെന്നും ദിവാകരന്റേതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദിവാകരന്റെ കാഴ്ചപ്പാടും വിലയിരുത്തലുമാണ് ഇതില്‍ അവതരിപ്പിക്കുന്നത്. അതു തനിക്കു സ്വീകാര്യമാകുംവിധം ആകണമെന്നു താന്‍ നിഷ്‌കര്‍ഷിക്കുന്നതില്‍ അര്‍ഥമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടു ദിവസമായി ചിലര്‍ ഈ പുസ്തകത്തെ മുന്‍നിര്‍ത്തി വിവാദമുണ്ടാക്കുന്നതുകൊണ്ടാണ് ഇതു പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.