തിരുവനന്തപുരം : നേപ്പാളിലെ ദാമനില്‍ റിസോര്‍ട്ടില്‍ മരിച്ച പ്രവീണ്‍ കെ.നായരുടെ ചേങ്കോട്ടുകോണത്തെ വീട്ടില്‍ ആശ്വാസവാക്കുമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി. രാവിലെ 10.45 ഓടെയാണ് മുഖ്യമന്ത്രി ചേങ്കോട്ടുകോണത്തെ ‘രോഹിണി ഭവനി’ലെത്തിയത്. പ്രവീണിന്റെ അച്ഛന്‍ കൃഷ്ണന്‍ നായരെയും അമ്മ പ്രസന്നയെയും കണ്ട അദ്ദേഹം അവര്‍ക്കരികില്‍ അല്‍പനേരം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
മേയര്‍ കെ. ശ്രീകുമാര്‍, പ്രവീണിന്റെ സഹോദരി പ്രസീത, സഹോദരി ഭര്‍ത്താവ് രാജേഷ്, മറ്റു ബന്ധുക്കള്‍ തുടങ്ങിയവര്‍ വീട്ടിലുണ്ടായിരുന്നു. നേപ്പാളില്‍ വിനോദ സഞ്ചാരത്തിന് പോയ 15 അംഗ സംഘത്തിലുണ്ടായിരുന്ന പ്രവീണ്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവര്‍ റിസോര്‍ട്ടിലെ ഹീറ്ററില്‍ നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ചാണ് മരിച്ചത്. ഇവര്‍ക്കൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്ത് രഞ്ജിത്ത് കുമാര്‍, ഭാര്യ ഇന്ദു ലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരും മരിച്ചിരുന്നു.