കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് ഭൂരിപക്ഷം കൂട്ടാന്‍ ധര്‍മടത്ത് വ്യാപകമായി കള്ളവോട്ട് ചേര്‍ത്തതായി യുഡിഎഫ് ധര്‍മടം നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇരട്ട വോട്ടുകള്‍ തള്ളുന്നതിന് ഫോറം ഏഴില്‍ പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ വോട്ട് തള്ളാന്‍ തയാറാകുന്നില്ല. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. ആയിരക്കണക്കിന് കള്ളവോട്ടുകളാണ് ധര്‍മടം നിയോജകമണ്ഡലത്തിലുള്ളത്.
മരിച്ചവരുടെയും താമസം മാറിപ്പോയവരുടെയും വോട്ടുകള്‍ തള്ളാന്‍ രേഖാമൂലം തെളിവ് സഹിതം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും രാഷ്ട്രീയസമ്മര്ദംകൊണ്ട് വോട്ട് തള്ളുന്നില്ല. മുഖ്യമന്ത്രിക്ക് കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമുണ്ടാക്കാനുള്ള സിപിഎം ഗൂഢാലോചനയുടെ ഭാഗമാണിത്. നീക്കം ചെയ്യാന്‍ കൊടുത്ത അപേക്ഷയില്‍ വോട്ടര്‍മാരെ വിളിപ്പിക്കാതെ പരാതിക്കാരെ മാത്രം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വിളിപ്പിക്കുകയാണ്. ധര്‍മടത്തെ ഭൂരിഭാഗം ബിഎല്‍ഒമാരും സിപിഎമ്മിന് വോട്ട് വര്ധിപ്പിച്ചുകൊടുക്കാനുള്ള കള്ളക്കളിക്ക് കൂട്ടുനില്‍ക്കുകയാണ്. മാത്രമല്ല വ്യാപകമായ രീതിയില്‍ ഇരട്ട വോട്ടും ചേര്‍ത്തിട്ടുണ്ട്.