തിരുവനന്തപുരം : സര്‍ക്കാരിന്റെ രണ്ടാംഘട്ട നൂറുദിന പരിപാടികള്‍ തുടരുന്നതിനിടയില്‍ പുതുവത്സര ദിനത്തോട് അനുബന്ധിച്ച് പത്തിന പരിപാടികള്‍ കൂടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ക്കുവേണ്ടി പത്ത് കാര്യങ്ങള്‍ കൂടി പ്രഖ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
1. സംസ്ഥാനത്തെ വയോധികര്‍ക്ക് സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാനോ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനോ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നേരിട്ട് എത്തേണ്ടതില്ലാത്ത രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ഈ ജനുവരി പത്തിനുമുമ്പ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങള്‍ ആദ്യഘട്ടത്തില്‍ ഇതില്‍ ഉള്‍പ്പെടുത്തും.
2. ഓണ്‍ലൈനായി സേവനങ്ങള്‍ക്ക് അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീടുകളില്‍ പോയി പരാതി സ്വീകരിച്ച് അധികാരികള്‍ക്ക് എത്തിച്ച് തുടര്‍നടപടികളുടെ വിവരം വിളിച്ച് അറിയിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. ഇതിന് സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളുടെ സേവനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിനിയോഗിക്കും.
3. പഠന താല്‍പ്പര്യമുള്ള, എന്നാല്‍ സാമ്പത്തികശേഷി കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര നിലവാരമുള്ള അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ പോയി പഠിക്കാന്‍ സാധിക്കാതെ വരുന്ന പോരായ്മ പരിഹരിക്കുന്നതിനുള്ള ശ്രമം എന്ന നിലയില്‍ സര്‍ക്കാര്‍ Eminent Scholars Online- എന്ന പരിപാടി ആരംഭിക്കും. ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍, ഭാഷാ വിദഗ്ദ്ധര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രമുഖരുമായി നമ്മുടെ കോളേജ്-സര്‍വ്വകലാശാലകളിലെ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ആശയവിനിമയം നടത്താന്‍ സംവിധാനമൊരുക്കും.
4. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന (വാര്‍ഷികവരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള) കുടുംബങ്ങളില്‍ നിന്നുള്ള ബിരുദപഠനം സ്തുത്യര്‍ഹമായ രീതിയില്‍ പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ ധനഹായ പദ്ധതിപ്രകാരം നല്‍കും. ഈ തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും.
5. ‘അഴിമതിമുക്ത കേരളം’ പരിപാടി നടപ്പാക്കും. അഴിമതിയെക്കുറിച്ച് വിവരം ലഭ്യമാക്കുന്ന ആളിന്റെ പേര് രഹസ്യമായി സൂക്ഷിക്കും. ആ ഉറപ്പോടെ സോഫ്റ്റ് വെയറിലൂടെ പരാതി ഉന്നയിക്കാം. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന ഒരു അതോറിറ്റിക്കു മുമ്പിലാണ് കൃത്യതയുള്ള പരാതികള്‍ ഉന്നയിക്കാന്‍ അവസരമുണ്ടാക്കുക. വിവരം നല്‍കുന്ന ആളുകള്‍ ഒരു സര്‍ക്കാര്‍ ഓഫീസിന്റെയും പടി ചവിട്ടേണ്ടിവരില്ല. പരാതികള്‍ സോഫ്റ്റ് വെയറില്‍ ശേഖരിച്ച് അതിന്റെ നിജസ്ഥിതി ശാസ്ത്രീയ മാനദണ്ഡങ്ങളിലൂടെ മനസ്സിലാക്കി ആവശ്യമായ നടപടികള്‍ക്കായി ഈ അതോറിറ്റി കൈമാറും. വിജിലന്‍സ്/ വകുപ്പുതല നടപടികള്‍ക്ക് ഇതിനുശേഷം ആവശ്യമെങ്കില്‍ അനുമതി നല്‍കും.
6. പരിമിതികള്‍ക്കുള്ളിലും പരമ്പരാഗത നിര്‍മ്മാണ രീതികളില്‍ നിന്നും വ്യത്യസ്തമായി പ്രകൃതി സൗഹൃദമായ ചില ഘടകങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പ്രോത്സാഹനം നല്‍കും. മരം മുറിക്കല്‍ ഒഴിവാക്കുക, നിലം നികത്തല്‍ ഒഴിവാക്കുക, സാധ്യമാകുന്നത്ര പ്രീഫാബ് സാങ്കേതിക വിദ്യ ഉപയോഗിക്കുക, കിണറുകളും ശുദ്ധജല സ്രോതസുകളും കുടിവെളള ആവശ്യത്തിന് വിനിയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ നിലനിര്‍ത്തുക എന്നിങ്ങനെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രകൃതിസൗഹൃദ നിര്‍മാണ രീതി അവലംബിക്കുന്ന ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് ആദ്യം ഒറ്റത്തവണയായി അടക്കുന്ന കെട്ടിടനികുതിയില്‍ നിശ്ചിത ശതമാനം ‘ഗ്രീന്‍ റിബേറ്റ്’ അനുവദിക്കും.
7. പ്രാദേശികതലത്തില്‍ ആളുകള്‍ക്ക് പ്രഭാത-സായാഹ്ന സവാരി നടത്തുവാനും കുട്ടികള്‍ക്ക് കളിക്കുവാനും പൊതുഇടങ്ങള്‍ അനിവാര്യമാണ്. എല്ലാ വില്ലേജുകളിലും ഇത്തരം പൊതുഇടം ഉണ്ടാക്കുക ഒരു ലക്ഷ്യമായി പ്രഖ്യാപിക്കുകയാണ്. പരിപാടിയുടെ ആദ്യഘട്ടമായി ഇത്തരം പൊതുഇടങ്ങള്‍ ലഭ്യമല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ഫെബ്രുവരി മാസം അവസാനത്തിനുമുമ്പ് പൊതുഇടം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
8. ‘സത്യമേവ ജയതേ’ എന്ന പേരില്‍ ഒരു ഡിജിറ്റല്‍/മീഡിയ സാക്ഷരതാ പരിപാടി ആരംഭിക്കുകയാണ്. ഡിജിറ്റല്‍ മീഡിയയെക്കുറിച്ച് സ്കൂളുകളിലൂടെയും കോളേജുകളിലൂടെയും പഠിപ്പിക്കും. ഇതിനായി പാഠ്യപദ്ധതി വികസിപ്പിക്കാന്‍ സ്കൂളുകളെയും കോളേജുകളെയും പ്രോത്സാഹിപ്പിക്കും.
9. മടങ്ങിവന്ന പ്രവാസികളില്‍ പലര്‍ക്കും അവര്‍ പിരിഞ്ഞുവന്ന സ്ഥാപനങ്ങളില്‍നിന്നും ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല. ഇക്കാരണങ്ങളാല്‍ അവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. ഇവര്‍ക്ക് ആവശ്യമുള്ള സര്‍ക്കാര്‍ രേഖകള്‍ ലഭ്യമാക്കാന്‍ അപേക്ഷിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുന്ന സംവിധാനം ഉണ്ടാക്കും. നിയമപരമായി നടപടിക്രമങ്ങള്‍ പാലിച്ച് വിജ്ഞാപനം ചെയ്യേണ്ട കാലയളവുണ്ടെങ്കില്‍ അത് ഇതില്‍ ഉള്‍പ്പെടില്ല.
10. കുട്ടികളിലെയും കൗമരക്കാരിലെയും അനീമിയ കുറച്ചുകൊണ്ടുവരാനായി പ്രത്യേക പരിപാടി ആരംഭിക്കും. പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ എത്രപേര്‍ക്ക് അനീമിയ ഉണ്ട് എന്ന പരിശോധന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ നടത്തും. അങ്കണവാടിയിലെ ജീവനക്കാര്‍ക്ക് അടക്കം ഈ ലളിതമായ പരിശോധന നടത്താനുള്ള പരിശീലനം നല്‍കും.