തിരുവനന്തപുരം: ഭരണതുടര്‍ച്ച ലക്ഷ്യിട്ട് പിണറായി സര്‍ക്കാര്‍ ജില്ലകള്‍ തോറും സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്ത് നാളെ മുതല്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് പരിപാടിയെന്നാണ് വിശദീകരണം. അതേസമയം സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടി പ്രഹസനമാണെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു.
മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഫെബ്രുവരി 1 മുതല്‍ 18 വരെയാണ് പരിപാടി. സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ടതോടെ പിണറായി സര്‍ക്കാരിന്റെ ജനസമ്മതിയില്‍ ഇടിവുണ്ടായിരുന്നു. ഇത് മറികടക്കാനുളള രാഷ്ട്രീയ നാടകമാണ് പരിപാടിയെന്ന് വേണം വിലയിരുത്താന്‍. തുടക്കത്തില്‍ സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച കൊറോണ പ്രതിരോധം പരാജയപ്പെട്ടതും സര്‍ക്കാരിന് തിരിച്ചടിയായിട്ടുണ്ട്.
പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കില്ലെന്നും അക്ഷയ സെന്ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കുമെന്നുമാണ് തീരുമാനം. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാത്തതും പുതിയ പരാതികളും സ്വീകരിക്കും.
ഫെബ്രുവരി 1, 2, 4 തീയതികളില്‍ കണ്ണൂര്‍, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം കോഴിക്കോട് എന്നീ 5 ജില്ലകളില്‍ അദാലത്ത് നടക്കും. ഫെബ്രുവരി 8, 9, 11 തീയതികളില്‍ കാസര്‍കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍. ഈ ജില്ലകളില്‍ ഫെബ്രുവരി 2ന് വൈകിട്ട് വരെ അപേക്ഷ സ്വീകരിക്കും. ഫെബ്രുവരി 15,16, 18 തീയതികളില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍. ഈ ജില്ലകളില്‍ ഫെബ്രുവരി 3 ഉച്ച മുതല്‍ ഫെബ്രുവരി 9 വൈകിട്ട് വരെ പരാതി സ്വീകരിക്കും.
ആദിവാസി മേഖലകളില്‍ കഴിയുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിന് അക്ഷയ സെന്ററുകള്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. സാന്ത്വന സ്പര്‍ശം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണും. അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ നിയമഭേദഗതി വഴിയോ ചട്ടത്തില്‍ മാറ്റം വരുത്തിയോ നയപരമായ തീരുമാനം വഴിയോ പരിഹരിക്കേണ്ട കാര്യങ്ങള്‍ കളക്ടര്‍മാര്‍ ഏകീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
പൊതുജനങ്ങളുടെ പരാതികള്‍ ഉന്നതതലത്തില്‍ നേരിട്ട് പരിഹരിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും അതിന്റെ ഭാഗമായാണ് സാന്ത്വന സ്പര്‍ശം സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.