കൊച്ചി: പുതുവർഷത്തിൽ രണ്ടാഴ്ച കൊണ്ട് പൈനാപ്പിൾ പഴത്തിന് ഏതാണ്ട് 30 രൂപ ഉയർന്നു. ഇതോടെ പൈനാപ്പിൾ പഴത്തിന് കിലോയ്ക്ക് ചില്ലറ വിപണിയിൽ 52-56 രൂപ വരെയെത്തി. ഇപ്പോഴത്തെ നില തുടർന്നാൽ വില 60 കടക്കും.പൈനാപ്പിൾ പച്ചയ്ക്കും സ്പെഷ്യൽ പച്ചയ്ക്കും 15 രൂപ വീതമാണ് ഉയർന്നത്. പൈനാപ്പിൾ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണം. ജനുവരിയിൽ ആദ്യമായാണ് പൈനാപ്പിളിന് വില 30 രൂപയ്ക്കു മുകളിലെത്തുന്നത്.ഗ്രോവേഴ്‌സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം 2023 ജനുവരിയിൽ 27 രൂപയിലും 2022-ൽ 29 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. സാധാരണ ഉത്പാദനം ഉയർന്നു നിൽക്കുന്ന മാസമാണ് ജനുവരി. കാലാവസ്ഥ വ്യതിയാനമാണ് ഉത്പാദനത്തെ ബാധിച്ചതെന്ന് കർഷകർ പറഞ്ഞു.
എന്നാൽ, പൈനാപ്പിൾ പഴത്തിന് 50 രൂപയാണ് ചൊവ്വാഴ്ചത്തെ ഗ്രോവേഴ്‌സ് അസോസിയേഷന്റെ നിരക്ക്. പച്ചയ്ക്ക് 40 രൂപയും സ്പെഷ്യൽ പച്ചയ്ക്ക് 42 രൂപയിലുമെത്തി. മർച്ചന്റ്‌സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഒരു കിലോ പൈനാപ്പിൾ പഴത്തിന് 46 രൂപ, പച്ചയ്ക്ക് 37 രൂപ, സ്പെഷ്യൽ പച്ചയ്ക്ക് 39 എന്നിങ്ങനെയാണ് നിരക്ക്. നിലവിലെ സ്ഥിതി തുടർന്നാൽ വില വീണ്ടും ഉയരും.