ചെങ്ങന്നുർ : തിരുവനന്തപുരത്ത് നിന്നും വീടുവിട്ടിറങ്ങിയ യുവതിയേയും മക്കളേയും പിങ്ക് പോലീസ് ചെങ്ങന്നൂരിൽ കണ്ടെത്തി. ഭർത്താവുമായി പിണങ്ങി കുട്ടികളുമായി വീടുവിട്ടറിങ്ങിയ യുവതിയെയാണ് ചെങ്ങന്നൂർ പിങ്ക് പോലീസ് കണ്ടെത്തി സുരക്ഷിതമായി വീട്ടിലേക്ക് തിരിച്ചയച്ചത്. ചെങ്ങന്നൂർ ടൗണിൽ പ്രവർത്തിക്കുന്ന മൂന്നാം നമ്പർ പിങ്ക് പട്രോൾ വാഹനത്തിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആർ. രചന, സിവിൽ പോലീസ് ഓഫീസർ റിനി മാത്യു എന്നിവരാണ് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തിയത്.
ഇന്നലെ (12) ഉച്ചയ്ക്ക് 12.30ഓടെയാണ് തിരുവനന്തപുരത്തുനിന്ന് ഇവരെ കാണാതായത്. യുവതിയും കുട്ടികളും തിരുവനന്തപുരത്തുനിന്ന് കെഎസ്ആർടിസിയുടെ ദീർഘദൂര ബസിൽ കയറിയതായി സംശയമുള്ളതിനാൽ ബസിനുള്ളിലും സ്റ്റാന്റിലും പരിശോധന നടത്തണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പോലീസിന് ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്നും നിർദ്ദേശം ലഭിച്ചു. വിവരം ലഭിച്ച ഉടൻ തന്നെ പിങ്ക് പോലീസ് സംഘം കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്ത് നിരീക്ഷണം നടത്തി. തുടർന്ന് ചെങ്ങന്നൂർ വഴി കടന്നു പോകുന്ന ബസുകളിൽ കയറിയും പരിശോധന നടത്തി.
അഞ്ചിലധികം ബസുകൾ പരിശോധിച്ച ശേഷമാണ് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ഇവരെ കണ്ടെത്തിയത്. അന്വേഷിച്ചപ്പോൾ കുട്ടികളുമായി കോട്ടയത്തേയ്ക്ക് പോകുന്നതായി യുവതി പറഞ്ഞു. പിന്നീട് ഇവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി അനുനയിപ്പിച്ച് സുരക്ഷിതരായി ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് യുവതിയുടെ അമ്മയേയും സഹോദരിയേയും വിളിച്ചു വരുത്തി അവരോടൊപ്പം വിട്ടു. ഇക്കഴിഞ്ഞ മെയ് 12ന് പട്രോളിംഗിനിടയിൽ കല്ലിശ്ശേരിയിൽ വെച്ച് റോഡിൽ തളർന്നു വീണ ആലാ സ്വദേശിയായ വൃദ്ധയെ പിങ്ക് പോലീസ് വാഹനത്തിൽ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചതും ഈ സംഘത്തിലെ റിനി മാത്യുവും കൂടെയുണ്ടായിരുന്ന എസ്. ദിവ്യയുമായിരുന്നു.