കൊച്ചി : പിങ്ക് പോലീസ് ഉദ്യോഗസ്ഥ എട്ട് വയസ്സുള്ള കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീല്‍ ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, പി എസ് സുധ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് അപ്പീലിലെ പ്രധാന വാദം. പോലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ പെരുമാറ്റത്തിന്‍റെ പേരില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നും ഉദ്യോഗസ്ഥ കുട്ടിയോട് മോശം വാക്ക് ഉപയോഗിച്ചില്ലെന്നും അപ്പീലില്‍ പറയുന്നു. പിങ്ക് പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും ഇരുപത്തിയ്യായിരം രൂപ വ്യവഹാര ചെലവും നല്‍കണമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
ആറ്റിങ്ങലിൽ കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു സംഭവം. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡിൽ പരിശോധനയ്ക്ക് വിധേയരാക്കിയത്. താൻ ഒരു ദളിതനായതുകൊണ്ടാണ് സർക്കാർ ഇങ്ങനെ പെരുമാറുന്നതെന്നും ചേർത്തു നിർത്തേണ്ട മകളെ സർക്കാർ വീണ്ടും കരയിക്കുകയാണെന്നും കുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു
അന്ന് സംഭവിച്ചത്
ഓഗസ്റ്റ് 27നാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഐഎസ്ആർഒയുടെ വലിയ വാഹനം കാണാൻ പോയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു. അച്ഛനും മകളും തന്റെ മൊബൈൽ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവിൽ പോലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് മൊബൈൽ കിട്ടി.
എന്നിട്ടും ഈ പോലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രൻ പറയുന്നത്. പൊലീസുകാരുടെ പരസ്യവിചാരണ എട്ടുവയസുകാരിയുടെ കുഞ്ഞുമനസിനെ തളർത്തി. മാധ്യമ വാർത്തകളെ തുടർന്ന് ബാലാവകാശകമ്മീഷൻ ഉടൻ ഇടപെട്ടു. പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശുന്ന റിപ്പോർട്ടാണ് ഡിവൈഎസ്പി നൽകിയത്. തുടർന്ന് ജയചന്ദ്രൻ ഡിജിപിക്ക് പരാതി നൽകി.
ഓഗസ്റ്റ് 31ന് ഐജി ഹർഷിത അട്ടല്ലൂരിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ട് ഡിജിപിയുടെ ഉത്തരവ് വന്നു. പക്ഷേ പോലീസ് റിപ്പോർട്ട് പഴയ പടി തന്നെയായിരുന്നു. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഐജിയും ആവർത്തിച്ചു. നീതി നേടി എസ്എസി എസ്ടി കമ്മീഷനെയും ജയചന്ദ്രൻ സമീപിച്ചു. പോലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളിൽ നിന്ന് ഒഴിവാക്കണമെന്ന് എസ്സി എസ്ടി കമ്മീഷൻ പോലീസിന് നിർദ്ദേശം നൽകി. എന്നാൽ ഉദ്യോഗസ്ഥക്കെതിരെ സ്ഥലം മാറ്റത്തിന് അപ്പുറമുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. രജിത എന്ന പോലീസ് ഉദ്യോഗസ്ഥ ഇപ്പോഴും കൊല്ലം സിറ്റിയിൽ ജോലി ചെയ്യുന്നു.