കോന്നി : കോന്നി പയ്യനാമൺ റോഡിൽ ജംഗ്ഷന് സമീപം വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ പൊട്ടി ഉണ്ടായ കുഴി വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. പയ്യനാമണ്ണിൽ നിന്നും ചാങ്കൂർ മുക്ക് ഭാഗത്തേക്ക് പോകുന്ന കയറ്റത്തിൽ ആണ് കുഴി രൂപപ്പെട്ടത്. വാട്ടർ അതോറിറ്റി റോഡിൽ സ്ഥാപിച്ച പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് ആണ് കുഴി രൂപപ്പെട്ടത്. ഇതേ ഭാഗത്ത് മറ്റ് രണ്ടിടത്തും ഇതേ രീതിയിൽ കുഴിയുണ്ട്. മുൻപ് ചെറിയ കുഴി ആയിരുന്നു എങ്കിൽ ഭാരം കയറ്റിയ വലിയ വാഹനങ്ങൾ കയറി ഇറങ്ങി അപകടകരമായ വിധത്തിൽ കുഴി വലുതായിട്ടുണ്ട്. പൈപ്പ് ലൈൻ ഇവിടെ സ്ഥിരമായി പൊട്ടി റോഡിലൂടെ വെള്ളം ഒഴുകുന്നത് പതിവാണ്.
മഴക്കാലത്ത് കുഴിയിൽ വെള്ളം നിറഞ്ഞ് കിടന്നാൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നതിനുള്ള സാധ്യതയും ഏറെയാണ്. മുൻപ് നിരവധി ഇരുചക്ര വാഹനങ്ങളും ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്. കോന്നിയിൽ നിന്നും വേഗതയിൽ വരുന്ന വാഹനങ്ങൾ അടുത്ത് എത്തിയ ശേഷമാണ് റോഡിലെ കുഴി ശ്രദ്ധയിൽ പെടുക. അപ്പോഴേക്കും വാഹനത്തിന്റെ ടയറുകൾ കുഴിയിൽ വീണിരിക്കും. കുഴി നികത്തുവാനോ പൈപ്പ് ലൈൻ പൊട്ടുന്നത് പരിഹരിക്കുവാനോ ബന്ധപെട്ടവർക്ക് കഴിഞ്ഞിട്ടില്ല. പയ്യനാമൺ, കൊന്നപ്പാറ, തണ്ണിത്തോട് ഭാഗത്തേക്ക് എല്ലാം യാത്ര ചെയ്യുന്നവർ സഞ്ചരിക്കുന്ന പ്രധാന റോഡിൽ ആണ് കുഴിയുള്ളത്. മുൻപ് ചാങ്കൂർ മുക്ക് ഭാഗത്തും ഇത്തരത്തിൽ രൂപപ്പെട്ട കുഴി കാലങ്ങൾക്ക് ശേഷമാണ് പൊതുമരാമത്ത് റോഡ് വിഭാഗം നികത്തിയത്.