തിരുവനന്തപുരം: പി.സി. ജോര്‍ജ്ജിനെ പാര്‍ട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് എം.എല്‍.എ. ജോര്‍ജ്ജിന് പൂഞ്ഞാറില്‍ യു.ഡി.എഫ് സ്വതന്ത്രനായി മല്‍സരിക്കാം. പാലാ അടക്കമുള്ള അതിരുകടന്ന അവകാശവാദങ്ങളൊന്നും ജോര്‍ജ്ജിന് വേണ്ടെന്നും ജോസഫ് പറഞ്ഞു.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളി തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ജോസഫ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ചതാണ്. ഉമ്മന്‍ചാണ്ടി പാര്‍ട്ടിയില്‍ കുറേകൂടി സജീവമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തവണ കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ല. കഴിഞ്ഞ തവണ മല്‍സരിച്ച 15 സീറ്റും ജനതാദളിന് നല്‍കിയ ഏഴു സീറ്റുകളില്‍ ഒരെണ്ണവും ഉള്‍പ്പെടെ 16 സീറ്റുകള്‍ പാര്‍ട്ടി ആവശ്യപ്പെടും. സീറ്റുകള്‍ വെച്ചുമാറുന്നതിന് തടസമില്ല.
മകന്‍ അപ്പു ജോസഫ് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഇപ്പോള്‍ പാര്‍ട്ടി സ്റ്റീയറിങ് കമ്മിറ്റിയംഗമാണെന്നും കുറച്ച് കാലംകൂടി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെ എന്നും ജോസഫ് വ്യക്തമാക്കി. സംസ്ഥാനത്ത് ഇസ് ലാമോഫോബിയ പടര്‍ത്താന്‍ സി.പി.എം മനഃപൂര്‍വം ശ്രമിക്കുകയാണെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.