തിരുവനന്തപുരം: സി.പി.എം നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്കെല്ലാം പിന്‍വാതില്‍ നിയമനം വഴി ഉന്നത സര്‍ക്കാര്‍ ജോലി. ഇപ്പോള്‍ മുന്‍ എം.പി പി.കെ. ബിജുവിന്റെ ഭാര്യയുടെ നിയമനമാണ് വിവാദമായിരിക്കുന്നത്. കേരള സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായിട്ടാണ് നിയമനം. ഗവേഷണ പ്രബന്ധങ്ങളിലെ ഡേറ്റ പകര്‍ത്തിയതാണെന്നാണ് ആരോപണം.
അഭിമുഖത്തില്‍ പങ്കെടുത്ത ഉയര്‍ന്ന യോഗ്യതയുള്ളവരെ തഴഞ്ഞ് വിജി വിജയന് നിയമനം നല്‍കിയെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ ഗവര്‍ണര്‍ക്കും യു.ജി.സി ചെയര്‍മാനും വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കി. കേരള സര്‍വകലാശാലയില്‍ അസി. പ്രൊഫസര്‍ നിയമനം ലഭിക്കാന്‍ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധങ്ങളിലെ ഡേറ്റ പകര്‍ത്തിയതാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിച്ചു.
സര്‍വകലാശാലയുടെ ബയോകെമിസ്ട്രി പഠന വകുപ്പിലാണു നിയമനം നല്‍കിയത്.
2013 ല്‍ സംവരണ തസ്തികയിലേക്ക് 18 അപേക്ഷകരാണ് ഉണ്ടായിരുന്നതെങ്കിലും ബിജുവിന്റെ ഭാര്യയ്ക്ക് നിയമനം ലഭിച്ചില്ല. 2020 ല്‍ അപേക്ഷിച്ച 140 പേരില്‍ നിന്നാണ് ഓപ്പണ്‍ തസ്തികയില്‍ ഒന്നാം റാങ്ക് ലഭിച്ചത്. ഉന്നത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കിയാണു നിയമനമെന്ന് അന്നു തന്നെ പരാതി ഉയര്‍ന്നിരുന്നു. രാജ്യാന്തര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങള്‍ നിയമനത്തിനു പരിഗണിച്ചിരുന്നു. അതിനു ലഭിച്ച മാര്‍ക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് നല്‍കിയതെന്നു കമ്മിറ്റിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടി.
പ്രബന്ധങ്ങള്‍ കോപ്പിയടിച്ചതു സംബന്ധിച്ച പരാതി മുമ്പ് പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഡേറ്റ കോപ്പിയടിച്ചെന്ന പരാതി കേരള സര്‍വകലാശാലയില്‍ ആദ്യമാണ്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ‘പബ്പീര്‍’ വെബ്സൈറ്റ് വഴിയാണു ഡേറ്റയിലെ സാദൃശ്യം കണ്ടെത്തിയത്. ഡേറ്റ തട്ടിപ്പ് പരിശോധിക്കാന്‍ വിദഗ്ദ്ധരെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.