തിരുവനന്തപുരം : സി.കെ ജാനുവിനെ പണം നല്‍കി എന്‍.ഡി.എയിലെടുക്കേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്‌ണദാസ്. രാഷ്‌ട്രീയ നിലപാടിന്റെ ഭാഗമായാണ് സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടി(ജെ.ആര്‍.പി) എന്‍.ഡി.എയിലെത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബി.ജെ.പി ഒറ്റക്കെട്ടാണ്. അല്ലെന്നുളളത് ഒരുകൂട്ടം മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്നും കൃഷ്‌ണദാസ് പറഞ്ഞു. പണം നല്‍കി ഒരു കക്ഷിയെയും എന്‍.ഡി.എയില്‍ എടുക്കണ്ട ആവശ്യമില്ല. വിഷയത്തില്‍ പ്രചരിച്ച ഓഡിയോ ക്ളിപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ നിലപാട് അറിയിച്ചുകഴിഞ്ഞുവെന്നും കൃഷ്‌ണദാസ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം കോടതി സംഭവത്തില്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. സി. കെ ജാനുവിന് മത്സരിക്കാന്‍ 50 ലക്ഷം നല്‍കിയ സംഭവത്തിലാണ് കേസെടുക്കാന്‍ ഉത്തരവ്. ജെ.ആര്‍.പി ട്രഷറര്‍ ആയ പ്രസീത അഴീക്കോടാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.