കോഴിക്കോട് : ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയത എന്ന സിപിഎം സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ വർഗീയതയും മോശമാണ് എന്നും ഇക്കാര്യത്തിൽ എന്തിനാണ് തരംതിരിവ് എന്നും അദ്ദേഹം ചോദിച്ചു.
എത്ര നിഷേധിച്ചിട്ടും മനസ്സിലുള്ള കാര്യങ്ങൾ പുറത്തു വരികയാണ്. പറയുകയും തിരുത്തുകയും ചെയ്യുന്നു. എല്ലാ വർഗീയതയും മോശമാണ്. വർഗീയതയുടെ കാര്യത്തിൽ തരംതിരിവ് എന്തിനാണ്? അത് അപലപിക്കേണ്ടതാണ്. ന്യൂനപക്ഷ വികാരം മുതലെടുത്ത് സിപിഎം പല വേളകളിൽ എടുത്ത നിലപാടുകൾ ശരിയല്ല എന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. വോട്ടിനു വേണ്ടിയാണ് അത്തരം സമീപനങ്ങൾ എടുത്തത്. ആ തരംതിരിവാണ് മോശം. നമ്മുടെ രാജ്യത്ത് ബിജെപി ഉള്ളതു കൊണ്ട് ഇവിടത്തെ ഗൗരവമുള്ള പ്രശ്‌നം അവരുണ്ടാക്കുന്ന വർഗീയതയാണ്’ – അദ്ദേഹം പറഞ്ഞു.
മതേതര കക്ഷികൾ കേരളത്തിൽ യുഡിഎഫിന്റെ പിന്നിൽ അണിനിരക്കുകയാണ് വേണ്ടത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയിൽ അണിനിരക്കണം. പഞ്ചാബിൽ ജാതിമത വ്യത്യാസങ്ങൾക്കപ്പുറം കാർഷിക പ്രശ്‌നങ്ങളിൽ കോൺഗ്രസിന് പിന്നിൽ ജനം അണിനിരന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.