കാസര്‍കോട് : സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ച പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുന്നതില്‍ അവ്യക്തത. എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണോ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാജി വെക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരള രാഷ്ട്രീയത്തിലേക്ക് മുഴുവന്‍ സമയ പ്രവര്‍ത്തകനായി കുഞ്ഞാലിക്കുട്ടി മടങ്ങിവരണമെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കെപിഎ മജീദ് പറഞ്ഞു.
എം.പി സ്ഥാനം ഇപ്പോള്‍ രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണോ അതോ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാജിവെക്കണോ എന്നീ രണ്ട് അഭിപ്രായങ്ങള്‍ പാര്‍ട്ടിവൃത്തങ്ങളില്‍ ഉയരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മന്ത്രിയായ ശേഷം എംപി സ്ഥാനം രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടുക എന്ന നിര്‍ദേശവും അന്തരീക്ഷത്തിലുണ്ട്. എംപി സ്ഥാനം രാജിവെക്കുന്നതിനെതിരെ പാണക്കാട് കുടുംബത്തില്‍ നിന്നു തന്നെ എതിര്‍പ്പ് ഉണ്ടായത് രാജി സംബന്ധിച്ച അവ്യക്തതക്ക് കാരണമാണ്. പാര്‍ട്ടിയിലെയും മണ്ഡലത്തിലെയും സാഹചര്യങ്ങള്‍ വിലയിരുത്തിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.