കോഴിക്കോട് : ഹരിത ഭാരവാഹികള്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടി എന്ത് അച്ചടക്ക നടപടി സ്വീകരിച്ചാലും അംഗീകരിക്കുമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. എം എസ് എഫ് അധ്യക്ഷസ്ഥാനം താത്കാലികമാണെന്നും ഇന്ന് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയുമെന്നും നവാസ് പറഞ്ഞു.
എനിക്കെതിരെ എന്തെങ്കിലും അച്ചടക്ക നടപടിയെടുക്കേണ്ടതുണ്ടോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. താത്കാലിക സ്ഥാനമാണ് സംഘടയിലുള്ളത്. ആ സ്ഥാനത്ത് തുടരണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. നാളെ അല്ലെങ്കില്‍ ഇന്നു വൈകിട്ട് തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയാന്‍ സയ്യീദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടാല്‍ നൂറുശതമാനവും ആ തീരുമാനത്തെ ഒരു എതിര്‍പ്പും പറയാതെ സ്വീകരിക്കും. ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ ഇതിന് താന്‍ ബാധ്യസ്ഥനാണെന്നും അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ നവാസ് പറഞ്ഞു.