പാലക്കാട് : ഇ.ശ്രീധരനെപ്പോലെ ദേശീയ തലത്തിൽ അറിയപ്പെടുന്ന സ്ഥാനാർഥി പാലക്കാട്ടു തോറ്റതിന്റെ ആഘാതത്തിലാണു ബിജെപി നേതൃത്വം. ആർഎസ്എസിന്റെയും മറ്റു സംഘപരിവാർ സംഘടനകളുടെയും അധ്വാനവും രാഷ്ട്രീയത്തിനതീതമായി ലഭിച്ച പിന്തുണയുമുണ്ടായിട്ടും സംഭവിച്ച തോൽവി ഇഴകീറി പരിശോധിച്ചു നേതൃത്വത്തെ അറിയിക്കും. ദേശീയ നേതൃത്വത്തിന്റെ സഹായങ്ങളും പ്രധാനമന്ത്രിയുടെ വരവിനുമൊപ്പം ആസൂത്രിതമായ പ്രവർത്തനം നടത്തിയിട്ടും അവസാന റൗണ്ടിൽ വിജയം തെന്നിമാറി.
ഇങ്ങനെയൊരു പ്രചാരണം മുൻപു നടത്തിയിട്ടില്ലെന്നു നേതാക്കൾ തന്നെ പറയുന്നു. ബിജെപിയെ തോൽപിക്കാൻ സിപിഎം ബൂത്തുതലത്തിൽ നിശ്ചിത വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥിക്കു നൽകിയെന്ന ആരോപണം നേതൃത്വം ഉയർത്തികഴിഞ്ഞു. സിപിഎം, യുഡിഎഫ് ഡീലിന്റെ ഭാഗമാണ് ഇതെന്നും ഏറ്റവും ദുർബലനായ സ്ഥാനാർഥിയെയാണ് എൽഡിഎഫ് മണ്ഡലത്തിൽ മത്സരിപ്പിച്ചതെന്നും ബിജെപി ആരോപിക്കുന്നു. സിപിഎം ഇടപെടലോടെ യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണമുണ്ടായി. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ചു കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ് പറഞ്ഞു.
നഗരസഭാ പരിധിയിൽ ബിജെപി ലക്ഷ്യമിട്ടതിനേക്കാൾ വോട്ട് പിടിച്ചെങ്കിലും പഞ്ചായത്തുകളിലെ സംഘടനാ ദൗർബല്യം ആദ്യം ബാധിച്ചു. എന്നാൽ ആർഎസ്എസ് പ്രവർത്തകരും സ്ഥാനാർഥിയുടെ അഭ്യുദയകാംക്ഷികളും പ്രദേശത്തു ബൂത്തുതലം മുതൽ സജീവമായതോടെ അതു പരിഹരിക്കാനായെന്നു നേതാക്കൾ അവകാശപ്പെട്ടു. സംഘടനയിലെ ചിലരുടെ നിലപാടുകാരണം തുടക്കത്തിൽ പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തനം നടത്താനായില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
പ്രചാരണം നിരീക്ഷിക്കാൻ തുടങ്ങിയതോടെ ബന്ധപ്പെട്ടവർ സജീവമായി. നഗരത്തിലെ പ്രധാന നേതാക്കളിൽ ചിലർ സ്ഥാനാർഥികളായതിനാൽ അവരുടെ പങ്കാളിത്തം ഇല്ലാതായി.കുറഞ്ഞത് 4,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇ.ശ്രീധരൻ വിജയിക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ ഒടുവിലത്തെ കണക്കുകൂട്ടൽ.