കോന്നി : പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ പ്രചരണവുമായി വിദ്യാർത്ഥികളും രംഗത്ത്. ചിറ്റൂർമുക്ക് മംഗളോദയം ഗ്രന്ഥശാലയും കോന്നി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്‌സും ചേർന്നാണ് പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷവശങ്ങളെ സംബന്ധിച്ച് ബോധത്കരണവുമായി ഭവനസന്ദർശനം നടത്തിയത്.
കോന്നി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ വായനശാലയുടെ പരിസരത്തെ നൂറ് വീടുകളും കടകളും സംഘം സന്ദർശിച്ചു. വായനശാല അംഗങ്ങളും ജനപ്രതിനിധികളും പ്രദേശവാസികളും സ്കൗട്ട് ആന്റ് ഗൈഡ് സ് വാളന്റിയർമാർക്കാപ്പം ചേർന്നതോടെ ബോധവത്കരണ പ്രവർത്തനം കൂടുതൽ ജനകീയമായി. പ്ലാസ്റ്റിക് ഉപയോഗം സമൂഹത്തിൽ നിന്ന് തുടച്ച് നീക്കുന്നതിനാവശ്യമായ ലഘുലേഖകളും സംഘം വിതരണം ചെയ്തു. കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടെ ബദൽ മാർഗങ്ങളും ഉത്പന്നങ്ങളും പരിചയപ്പെടുത്തി. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ച സാഹചര്യത്തിൽ അവ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന നിയമ നടപടികളും വിശദീകരിച്ചു. തുടർ പ്രവർത്തനത്തിലൂടെ വാർഡിനെ പ്ലാസ്റ്റിക് മുക്തമാക്കുമെന്നും സംഘം പ്രതിജ്ഞയെടുത്തു.