റാന്നി: പ്ലാസ്റ്റിക്ക് കുപ്പികളെ പഠനോപകരണങ്ങളാക്കി വെച്ചൂച്ചിറ എണ്ണൂറാംവയല്‍ സി എം എസ് എല്‍ പി സ്‌കൂളിലെ കുട്ടികള്‍. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ എണ്ണൂറാംവയല്‍ സി എം എസ് സ്‌കൂളിലെ കുട്ടികള്‍ക്ക് ഉപയോഗ ശൂന്യമായ പാഴ് വസ്തുക്കളല്ല. ക്ലാസ്സിലെ പഠന പ്രവര്‍ത്തനങ്ങള്‍ ആകര്‍ഷകവും രസകരവുമാക്കുന്ന പഠനോപകരണങ്ങളാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികള്‍ ഉപയോഗിച്ച് കുട്ടികള്‍ നിര്‍മ്മിക്കുന്നത് വിവിധ ക്ലാസ്സുകളിലെ പാഠഭാഗങ്ങളിലുള്ള കഥാപാത്രങ്ങളുടെ പാവകളെയാണ്. പ്ലാസ്റ്റിക്ക് കുപ്പികളും കാര്‍ഡ് ബോര്‍ഡും, പത്രക്കടലാസ്സും, പഴയ തുണിയും മറ്റു പാഴ് വസ്തുക്കളുമാണ് പാവ നിര്‍മ്മാണത്തിന് കുട്ടികള്‍ ഉപയോഗിക്കുന്നത്.ഈ പാവകളെ ഉപയോഗിച്ച് പാഠഭാഗങ്ങളെ പാവ നാടക രൂപത്തില്‍ അവതരിപ്പിക്കുന്നതിലൂടെ കുട്ടികള്‍ക്ക് പഠനം രസകരവും കൗതുകവും നിറഞ്ഞതായി ഇവിടെ മാറുന്നു. അഞ്ചാം ക്ലാസ്സിലെ ദി മിറര്‍ എന്ന പാഠ ഭാഗത്തിലെ മുക്കുവനെയും ഭാര്യയെയും, നാലാം ക്ലാസ്സിലെ പാഠ ഭാഗത്തുള്ള ഇടശേരിയുടെ പൂതപ്പാട്ടും പാവ നാടകമായി അവതരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. ക്ലാസ്സില്‍ പഠനത്തില്‍ സാധാരണ താല്പര്യം കാണിക്കാത്ത കുട്ടികള്‍ പോലും പാവകള്‍ നിര്‍മ്മിച്ചും പാഠഭാഗത്തെ പാവനാടകമാക്കുന്നതിലും മുന്‍പന്തിയില്‍ നില്‍ക്കുന്നുണ്ട്.
ഇത്തവണത്തെ ബഷീര്‍ ദിനത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ അനശ്വര കഥാ പാത്രങ്ങളെ പാവകളാക്കുന്നതിന്റെ പണിപ്പുരയിലാണിപ്പോള്‍ എണ്ണൂറാംവയലിലെ കുട്ടികള്‍. പാത്തുമ്മയും, സൈനബയും, മണ്ടന്‍ മുത്തപ്പയും, പൊന്‍ കുരിശ് തോമയും, ആനവാരി രാമന്‍ നായരും ഒറ്റക്കണ്ണന്‍ പോക്കറുമെല്ലാം കുട്ടികളുടെ കര വിരുതില്‍ പ്ലാസ്റ്റിക്ക് കുപ്പികളില്‍ നിന്നും ബഷീര്‍ കൃതികളിലെ അനശ്വര കഥാപാത്രങ്ങളായി പുനര്‍ജ്ജനിക്കുന്നു. പ്രകൃതിക്ക് ഭാരമാകുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തെ പുനരുപയോഗിച്ചും സുരക്ഷിതമായി മാറ്റിയും ബദലുകളിലൂടെ ഒഴിവാക്കിയും ഏറെ മാതൃകകള്‍ സൃഷ്ടിച്ചിട്ടുള്ള വെച്ചൂച്ചിറ എണ്ണൂറാംവയല്‍ സി എം എസ് സ്‌കൂളിന്റെ നവീനാശയമാണ് പ്ലാസ്റ്റിക്ക് കുപ്പികള്‍ ഉപയോഗിച്ചുള്ള പാവ നിര്‍മാണം. അധ്യാപകന്‍ എം. ജെ ബിബിനാണ് പാവ നിര്‍മ്മാണത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. വിദ്യാലയത്തിലെ നാല് അഞ്ച് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വേണ്ടി പാവ നിര്‍മ്മാണത്തില്‍ ശില്പശാലയും സംഘടിപ്പിച്ചിരുന്നു. പ്ലാസ്റ്റിക്ക് മലിനീകരണത്തെ പരാജയപ്പെടുത്തുന്നതിനു ആഗോള തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം പഠന പ്രവര്‍ത്തനങ്ങളിലും ഇവയുടെ സാധ്യത ഉപയോഗപ്പെടുത്തുന്നതിനുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതെന്ന് പാവ നിര്‍മ്മാണതിന് നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥി പ്രതി നിധികളായ അനസ് പി ജെയ്മോന്‍, ഇവാ ആലീസ് സിബി, ഹന്ന തോമസ്, അപര്‍ണ രാജേഷ്,അന്‍വര്‍ എസ് ഖാന്‍ എന്നിവര്‍ പറഞ്ഞു.