ഡല്‍ഹി : രാജ്യത്ത് നാളെ മുതല്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കും 60 ജിഎസ്‌എമ്മില്‍ (ഗ്രാം പേര്‍ സ്‌ക്വയര്‍ മീറ്റര്‍) കുറഞ്ഞ നോണ്‍വൂവണ്‍ ബാഗുകള്‍ക്കും നാളെ മുതല്‍ രാജ്യമാകെ നിരോധനം. കേരളത്തില്‍ ഇവയ്‌ക്കെല്ലാം നിരോധനം നിലവിലുണ്ട്.
തുണിസഞ്ചിയെന്നു തെറ്റിദ്ധരിക്കപ്പെടാവുന്ന നോണ്‍വൂവണ്‍ കാരി ബാഗുകള്‍, പോളി പ്രൊപ്പിലീനും കാല്‍സ്യം കാര്‍ബണേറ്റും ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ഇവ മണ്ണില്‍ പൂര്‍ണമായി അലിഞ്ഞു ചേരില്ല; പുനരുപയോഗവും സാധിക്കില്ല. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കെല്ലാം അടുത്ത ജൂലൈ 1 മുതല്‍ രാജ്യമാകെ പൂര്‍ണനിരോധനം വരികയാണ്.
കേരളത്തില്‍ 2020 ജനുവരി ഒന്നു മുതലാണ് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നത്. കോവിഡ് വ്യാപനത്തോടെ നിലച്ച പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് തദ്ദേശ വകുപ്പ് സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ ഈയിടെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.