തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനത്തില്‍ പിഴ ഈടാക്കാനുളള നടപടിയില്‍ അനിശ്ചിതത്വം. ഇന്ന് മുതല്‍ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പരിശോധന നടത്തുന്നത് അടക്കമുളള കാര്യങ്ങളില്‍ ഇതുവരെ തീരുമാനമായില്ല. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം പുതുവര്‍ഷം മുതല്‍ പ്രാബല്യത്തിലായെങ്കിലും പിഴ ഈടാക്കുന്നത് 15 മുതലെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. 10,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് സര്‍ക്കാര്‍ നിശ്ചയിച്ച പിഴ. ഉപഭോക്താക്കളെ ഒഴിവാക്കി ഉത്പാദകരില്‍ നിന്നും വില്‍പ്പനക്കാരില്‍ നിന്നും പിഴ ഈടാക്കാനായിരുന്നു തീരുമാനം.
ഇതിനെതിരെ വ്യാപാരികളില്‍ നിന്നും ആദ്യഘട്ടത്തിലേ എതിര്‍പ്പുയര്‍ന്നിരുന്നു. ഹൈക്കോടതിയില്‍ നിയമപോരാട്ടം തുടരുകയുമാണ്, അതിനാല്‍ കര്‍ക്കശമായി നിയമം നടപ്പാക്കാന്‍ തല്‍ക്കാലം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഇല്ല. ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളുമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കേണ്ടത്. എന്നാല്‍ ഇരുകൂട്ടരും കടകളില്‍ പരിശോധന നടത്താനോ പ്ലാസ്റ്റിക് പിടിച്ചെടുക്കാനോ തല്‍ക്കാലം ആലോചിക്കുന്നില്ല. നടപടി ഉണ്ടാകുമെന്ന് പറയുന്നതല്ലാതെ നടപ്പാക്കല്‍ എങ്ങനെ എന്നതിനെകുറിച്ച് ഉദ്യോഗസ്ഥര്‍ക്കും അവ്യക്തതയാണ്. ബോധവല്‍ക്കരണവും ബദല്‍മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കലുമായിരുന്നു പ്ലാസ്റ്റിക് നിരോധനത്തിന്റെ ആദ്യഘട്ടം. ബദല്‍ ഉല്‍പന്നങ്ങള്‍ ആവശ്യത്തിന് വിപണിയിലെത്തിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല.