തിരുവനന്തപുരം: ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലത്ത് കളിസ്ഥലം നിര്‍മിക്കുന്നതിന്് അനുമതി നല്‍കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ലിന്റോ അഗസ്റ്റിന്‍ എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നാട്ടില്‍ കളി സ്ഥലങ്ങള്‍ കുറഞ്ഞു വരികയാണ്. പൊതുസ്ഥലങ്ങളില്‍ നിന്ന് കളി സ്ഥലത്തിന് ആവശ്യമായ ഭൂമി കണ്ടെത്താന്‍ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യമാണ്. ഇതു മനസിലാക്കിയാണ് ജലവിഭവ വകുപ്പ് ഇത്തരമൊരു തീരുമാനം എടുത്തത്. ഓരോ പ്രദേശത്തെയും പഞ്ചായത്തുകളോ മുനിസിപ്പാലിറ്റികളോ കോര്‍പറേഷനുകളോ കൃത്യമായ പദ്ധതി തയാറാക്കി ആവശ്യപ്പെട്ടാല്‍ വകുപ്പിന് ഭൂമിയുടെ ആവശ്യം കൂടി പരിഗണിച്ച് അപേക്ഷകള്‍ പോസിറ്റീവായി പരിഗണിക്കും. ഇവിടെ കളിസ്ഥലത്തിന് ആവശ്യമായ താല്‍ക്കാലിക നിര്‍മിതികള്‍ക്കും അനുമതി നല്‍കാന്‍ തയാറാണ്. യുവാക്കള്‍ക്കിടിയില്‍ ലഹരി ഉപയോഗം പോലുള്ള പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഇറിഗേഷന്‍ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ്. ഭൂതത്താന്‍ കെട്ട്, കാരാപ്പുഴ ഡാമുകളില്‍ ഇതിന്റെ പൈലറ്റ് പ്രോജക്ട് ആരംഭിക്കുന്ന ഘട്ടത്തിലാണ്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇതു വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നാട്ടില്‍പുറത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ഇറിഗേഷന്‍ ടൂറിസം പ്രയോജനപ്പെടുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.