ചേർത്തല : രോഗം വ്യാപിക്കുമ്പോഴും തെരുവിലിറങ്ങുന്ന ജനങ്ങളെ വീട്ടിലിരുത്താൻ നടുറോഡിൽ മുട്ടുകുത്തി ദൈവനാമത്തിൽ അഭ്യർഥനയുമായി വൈദികൻ. ജാഗ്രത കാട്ടാതെ ജനങ്ങൾ കൂട്ടംകൂടിയ സാഹചര്യത്തിലാണ് വൈദികൻ റോഡിൽ മുട്ടുകുത്തിയത്. പള്ളിത്തോട് സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിവികാരി ഫാ. ആന്റണി വാലയിലാണ് വേറിട്ടവഴിയിലൂടെ തെരുവിലിറങ്ങിയത്.
25 പേർക്കു കോവിഡ് സ്ഥിരീകരിച്ച സ്ഥലമാണ് കുത്തിയതോട് ഗ്രാമപ്പഞ്ചായത്തിലെ പള്ളിത്തോട് ഗ്രാമം. രോഗവ്യാപനം തീവ്രമായ ചെല്ലാനവുമായി തൊട്ടുകിടക്കുന്ന ഇവിടെ ട്രിപ്പിൾ ലോക് ഡൗണാണ്. ജനങ്ങൾ ഭീതിയിലാണെങ്കിലും വീട്ടിലിരിക്കാതെ തെരുവിൽ കൂടുന്നതു പതിവാണ്. പോലീസും ആരോഗ്യപ്രവർത്തകരും പലവിധത്തിൽ പ്രവർത്തിച്ചെങ്കിലും ഇതു തുടർന്നുകൊണ്ടേയിരുന്നു. ഇനിയും തെരുവിൽ കൂട്ടംകൂടുന്നതു തുടർന്നാൽ വലിയ വിപത്താകുമെന്നതിനാലാണ് ഈവഴി തിരഞ്ഞെടുത്തതെന്ന് ഫാ. ആന്റണി പറഞ്ഞു.
പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും അനുവാദം വാങ്ങിയായിരുന്നു മൈക്കുവഴി ദൈവനാമത്തിലുള്ള ബോധവത്കരണം. കുർബാനശേഷമുള്ള പ്രസംഗം പോലെ ദൈവവചനങ്ങളും രോഗവ്യാപന സാധ്യതകളും ഭവിഷ്യത്തും നിറച്ചായിരുന്നു അഭ്യർഥന. ഇടവകവികാരിയുടെ മുട്ടുകുത്തിയുള്ള അഭ്യർഥന ഫലംകണ്ടതായാണ് പ്രാഥമിക വിലയിരുത്തൽ.