മലപ്പുറം: പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ 2020-21 ബാച്ചില്‍ നിന്ന് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഈടാക്കിയ സ്പെഷ്യല്‍ ഫീസ് തിരികെ നല്‍കാന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. പി ഉബൈദുല്ല എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് കാരണം സ്കൂളുകള്‍ തുറക്കാത്തതിനാല്‍ 2020-21 വര്‍ഷത്തെ പ്ലസ് ടു ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നല്‍കാത്തതിനാല്‍ ചില പ്രധാനാധ്യാപകര്‍ പ്രത്യേക ഫീസ് ഈടാക്കി.
ഇതിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് സ്പെഷ്യല്‍ ഫീസ് ഈടാക്കേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. മിക്ക സ്കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ സ്പെഷ്യല്‍ ഫീസ് അടച്ചിരുന്നു. ഹെഡ്മാസ്റ്റര്‍മാര്‍ അത് ട്രഷറിയില്‍ നിക്ഷേപിച്ചു. എന്നാല്‍, സ്പെഷ്യല്‍ ഫീസ് റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ അപ്പോഴേക്കും ഈടാക്കിയ തുക എന്തുചെയ്യണമെന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു.