തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ്‌വണ്‍ പ്രവേശനം ആകെ ആശയക്കുഴപ്പത്തിലേയ്ക്ക്. തുടര്‍ പഠനത്തിന് എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും സീറ്റുകളുടെ എണ്ണത്തിലെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു. പരീക്ഷാഫലം വന്ന് രണ്ട് ആഴ്ച പിന്നിട്ടിട്ടും ഏകജാലക സംവിധാനം വഴി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം ഇതുവരെ ഇറക്കിയിട്ടില്ല.
എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയതില്‍ 4,19,653 പേരാണ് ഇത്തവണ ഉന്നത പഠനത്തിന് യോഗ്യത നേടിയത്. ഇതില്‍ 1,21,318 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 3,06,150 ആണ് സംസ്ഥാനത്ത് പ്ലസ്‌വണ്ണിനുള്ള ആകെ സീറ്റ്. 1,13,503 സീറ്റുകളുടെ കുറവ് നിലനില്‍ക്കുന്നു. ഇരുപത് ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കും എന്നാണ് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കുന്നത്.
അങ്ങനെയെങ്കില്‍ 28,160 സീറ്റുകള്‍ വര്‍ധിക്കും. ഇതിലും സാങ്കേതികത്വം നിലനില്‍ക്കുന്നു. ഒരു ക്ലാസ്സില്‍ പരമാവധി കുട്ടികളുടെ എണ്ണം സംബന്ധിച്ച് കോടതി വിധിയുണ്ട്. അത് മറികടക്കാനാകില്ല. സീറ്റുകളുടെ എണ്ണമല്ല ബാച്ചുകളുടെ എണ്ണമാണ് വര്‍ധിപ്പിക്കേണ്ടതെന്നും വിധിയില്‍ പറയുന്നു. സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന കോടതി വിധിയുമുണ്ട്. ഇതിന്റെ മാനദണ്ഡവും സര്‍ക്കാര്‍ തയാറാക്കിയിട്ടില്ല.
26,481 സീറ്റുകളുടെ കുറവുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കന്‍ ജില്ലകളിലെ പ്ലസ് വണ്‍ സീറ്റുകളിലെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ എം.കെ മുനീറിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.