തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ കഴിഞ്ഞദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി. നിലവിലുള്ള പ്രവേശന സ്ഥിതിവിവരവും പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ ഏകദേശ കണക്കും ഉള്‍പ്പെടുത്തിയാണ് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് കുറിപ്പ് നല്‍കിയത്. പ്രശ്നം പരിഹരിക്കാന്‍ സാധ്യമായ നിര്‍ദേശങ്ങളും കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സീറ്റ് ക്ഷാമമുള്ള ജില്ലകളില്‍ പത്ത് ശതമാനം വരെ സീറ്റ് വര്‍ധന, താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുക, കുട്ടികളില്ലാത്ത ബാച്ചുകള്‍ സീറ്റ് ക്ഷാമമുള്ള ജില്ലകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുക എന്നിവയാണ് പരിഹാരമാര്‍ഗമായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. രണ്ടാം അേലാട്ട്മെന്റ് പ്രകാരമുള്ള പ്രവേശനവും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ട സീറ്റുകളിലെ പ്രവേശനവും അവസാനഘട്ടത്തിലെത്തിയപ്പോള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം സ്ഥിതിവിവരക്കണക്ക് തയാറാക്കിയിരുന്നു.
ഇതുകൂടി പരിഗണിച്ചുള്ള കുറിപ്പാണ് മന്ത്രി ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയത്. സീറ്റ് ക്ഷാമം ഏറ്റവും അധികമുള്ള മലപ്പുറം ജില്ലയില്‍ മാത്രം ഏകജാലകത്തില്‍ അപേക്ഷിച്ച 27000 കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ കോഴിക്കോട്, പാലക്കാട് ജില്ലകളിലെ സീറ്റ് കുറവും ഹയര്‍സെക്കന്‍ഡറി വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.