ദില്ലി: ജി 20 ഉച്ചകോടിയുടെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മറ്റ് ബിജെപി നേതാക്കള്‍ എന്നിവര്‍ മോദിയെ സ്വീകരിച്ചു. ആസ്ഥാനത്തേക്ക് കടന്ന പ്രധാനമന്ത്രിക്ക് ഓരോ നേതാക്കളും റോസാപ്പൂവ് നല്‍കി. പ്രധാന ലോക നേതാക്കളെത്തിയ ജി 20 ഉച്ചകോടിക്ക് ശേഷമുള്ള മോദിയുടെ ആദ്യ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗത്തിനെത്തിയതാണ് അദ്ദേഹം.
വരാനിരിക്കുന്ന സംസ്ഥാന-ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കള്‍ അവലോകനം ചെയ്യാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ള സ്ഥാനാര്‍ത്ഥികളെ കുറിച്ച് ബിജെപി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കേന്ദ്രീകരിച്ചായിരിക്കും യോഗത്തിന്റെ അജണ്ട. ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ യോഗത്തില്‍ തീരുമാനിച്ചേക്കും.