ന്യൂഡൽഹി : രാജ്യത്ത് 62 കോടിയിൽ അധികം പേർക്ക് വാക്സിൻ നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നിരുന്നാലും നാം കർശനമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ സംവാദ പരിപാടി മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തരിച്ച ഹോക്കിതാരം മേജർ ധ്യാൻ ചന്ദിനെ അനുസ്മരിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രി ഇന്നത്തെ മൻ കീ ബാത് ആരംഭിച്ചത്. എല്ലാ മെഡലുകളും അമൂല്യങ്ങളാണ്. ഇന്ത്യ ഹോക്കിയിൽ മെഡൽ നേടിയപ്പോൾ രാജ്യം ആനന്ദിച്ചു. മേജർ ധ്യാൻചന്ദിന് ഏറെ സന്തോഷമായിട്ടുണ്ടാവണമെന്നും മോദി പറഞ്ഞു.
ഗുണനിലവാരത്തിന് പ്രാധാന്യം നൽകുന്ന യുവാക്കളുടെ ഭാവനകളെ ആകർഷിക്കാൻ ഇന്ത്യൻ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾക്ക് സാധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ യുവാക്കൾ കായികമേഖലയിലേക്ക് ആകർഷിക്കപ്പെടുന്നതായി കാണുന്നു. മക്കൾ കായികമേഖലയിൽ മുന്നേറുന്നത് കാണുമ്പോൾ മാതാപിതാക്കളും സന്തോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സംസ്കാരവും ആത്മീയതയും ലോകവ്യാപകമായി പ്രചാരം നേടുകയാണ്. രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന നേട്ടത്തിനു പിന്നാലെ ഇന്ത്യയിലെ ആദ്യ വാട്ടർ പ്ലസ് സിറ്റി എന്ന ഖ്യാതിയും ഇന്ദോർ സ്വന്തമാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. പാരാലിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻസംഘത്തിനായി രാജ്യം ഹർഷാരവം മുഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.