ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും. ചൊവ്വാഴ്‍ച രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് മോദി ട്വീറ്റ് ചെയ്തു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം തവണയാണ് മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. നേരത്തെ രാജ്യത്തോടായി നടത്തിയ പ്രസംഗത്തിലായിരുന്നു ഞായാറാഴ്‍ച ജനതാ കര്‍ഫ്യൂ നടത്താന്‍ മോദി ആഹ്വാനം ചെയ്‍തത്.
വൈറസിനെ തുരത്താനുള്ള പോരാട്ടത്തിന്റെ ഭാഗമായി എല്ലാവരും 14 മണിക്കൂര്‍ വീടിന് പുറത്തിറങ്ങരുതെന്നായിരുന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചത്. എല്ലാ സംസ്ഥാനങ്ങളും പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തതോടെ ജനതാ കര്‍ഫ്യൂ വിജയമായി. ജനതാ കര്‍ഫ്യൂവിന് പിന്നാലെയാണ് രാജ്യത്ത് 30 സംസ്ഥാനങ്ങളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ സംസ്ഥാനങ്ങളില്‍ പൊതുഗതാഗതം നിര്‍ത്തുകയും അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്‍തു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമെ തുറക്കാവൂ എന്നാണ് നിര്‍ദേശം.
ലോകത്താകമാനം 16000ത്തിലധികം ആളുകളാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 195 രാജ്യങ്ങളിലായി 375000ത്തിലധികം ആളുകള്‍ രോഗബാധിതരാവുകയും ചെയ്‍തു. ഇതില്‍ ഒരുലക്ഷത്തിലേറെ ആളുകള്‍ രോഗമുക്തരായിട്ടുണ്ട്. ഇന്ത്യയില്‍ 500 ഓളം ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയും കൂടുതല്‍ സംസ്ഥാനങ്ങലിലേക്ക് പടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിയിരിക്കുകയാണ്. അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും നിര്‍ത്തി. മെട്രോ സര്‍വീസുകളുമില്ല. ചൊവ്വാഴ്‍ച അര്‍ധരാത്രി മുതല്‍ വിമാന സര്‍വീസുകളും നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ ജനങ്ങളില്‍ പലരും ലോക് ഡൗണ്‍ നിര്‍ദേശത്തെ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കാന്‍ വീടുകളില്‍ തന്നെ കഴിയണമെന്നും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.