കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ പോക്സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. 2019 ല്‍ മോന്‍സന്റെ കൊച്ചിയിലെ വസതിയില്‍ വെച്ചും കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് കേസ്. പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 17 വയസായിരുന്നുവെന്ന് പെണ്‍കുട്ടിയും മാതാവും നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭയം കൊണ്ടായിരുന്നു ഇത്രയും കാലം ഒന്നും മിണ്ടാതെ ഇരുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
നേരത്തെ, എറണാകുളം സ്വദേശിനിയായ യുവതി, മോന്‍സന്‍ തന്നെ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ചേര്‍ത്തല സ്വദേശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ നിന്ന് പിന്‍മാറാന്‍ പത്ത് ലക്ഷം രൂപ മോന്‍സന്‍ വാഗ്ദാനം ചെയ്തു എന്നാണ് പരാതി. ബലാത്സംഗ കേസിലെ പ്രതിയെ രക്ഷിക്കാന്‍ മോന്‍സന്‍ മാവുങ്കല്‍ പോലീസ് സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.
പരാതിയുമായി മുന്നോട്ട് പോയാല്‍ കുടുംബത്തെ ഹണിട്രാപ്പ് കേസില്‍പെടുത്തുമെന്നായിരുന്നു മോന്‍സന്‍റെ ഭീഷണി. ചേര്‍ത്തലയിലെ ബിസിനസ് പങ്കാളിയുടെ മകന് വേണ്ടിയായിരുന്നു മോന്‍സന്‍റെ ഇടപെടലുകള്‍. മോന്‍സനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പോലീസ് പിന്നീട് ഒരിഞ്ചുപോലും മുന്നോട്ട്പോയില്ല എന്നും യുവതി വെളിപ്പെടുത്തിയിരുന്നു.