പത്തനംതിട്ട : ചെറുമകനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ അടൂർ ഏനാത്ത് കുളക്കട ഈസ്റ്റ് തുരുത്തിൽ ദിവ്യാസദനം വീട്ടിൽ രാജു (62) വിനെ പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോൺ വിവിധ വകുപ്പുകളിലായി 51 വർഷം കഠിന തടവിനും ഒന്നരലക്ഷം രൂപ പിഴയായും ഒടുക്കുന്നതിന് ശിക്ഷ വിധിച്ചു.
കഴിഞ്ഞ ജൂലൈ മാസം പ്രതി ഭാര്യയുമായി പിണങ്ങി ഏനാത്ത് പൂന്തോട്ടം എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരവേ ഇരയായ 13 വയസുകാരനായ ആൺകുട്ടി അമ്മയോടൊപ്പം പ്രതിയുടെ ക്ഷേമ കാര്യങ്ങൾ അന്വേഷിക്കാനായി എത്തുകയും തുടർന്ന് പ്രതിയോടൊപ്പം ഒരാഴ്ച താമസിക്കുകയും ചെയ്ത വേളയിലാണ് പ്രതി ചെറുമകനെ തന്റെ ലൈംഗിക സംതൃപ്തിക്കായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് പലപ്രാവശ്യം ഇരയാക്കിയത്. കുട്ടിയുടെ പിതാവ് കുട്ടിയെ വീട്ടിലേക്ക് മടക്കിക്കൊണ്ടുപോയ വേളയിൽ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നുകയും തുടർന്ന് അദ്ധ്യാപകനായ പിതാവ് ഒരു കൗൺസിലറിന്റെ സഹായം തേടുകയും ചെയ്ത വേളയിലാണ് പീഢന വിവരം മനസിലാക്കിയത്.
തുടർന്ന് ചൈൽഡ് ലൈനിന്റെ ഇടപെടലിലൂടെ ഏനാത്ത് പോലീസ് കേസെടുക്കുകയായിരുന്നു.
വിചാരണയ്ക്കൊടുവിൽ പ്രതി നിയമപരമായി സംരക്ഷിക്കാൻ ബാധ്യസ്ഥനായ കുട്ടിയെ ലൈംഗിക ദുരുപയോഗം ചെയ്തതിനെ ഗൗരവമായി കണ്ട കോടതി ഐ.പി.സി വകുപ്പ് 377 പ്രകാരം 8 വർഷം കഠിനതടവും അൻപതിനായിരം രൂപ പിഴയും, പിഴ ഒടുക്കിയില്ലെങ്കിൽ 4 മാസം അധിക തടവും പോക്സോ ആക്ട് വകുപ്പ് 5 (l) പ്രകാരം പ്രവേശിത ലൈംഗികാക്രമണവും അതിന്റെ ആവർത്തനത്തിനും 20 വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും, പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം അധിക തടവിനും ബന്ധുവായ കുട്ടിയെ പ്രവേശിത ലൈംഗികാക്രമണത്തിന് വിധേയമാക്കിയതിന് പോക്സോ ആക്ട് വകുപ്പ് 5 (n) പ്രകാരം 20 വർഷം കഠിന തടവിനും അൻപതിനായിരം രൂപ പിഴയും, പിഴ ഒടുക്കിയില്ലെങ്കിൽ 6 മാസം അധിക തടവിനും ജുവനൈൽ ജസ്റ്റിസ് ആക്ട് വകുപ്പ് 75 പ്രകാരം 3 വർഷം കഠിന തടവ് എന്നിങ്ങനെയാണ് വിവിധ വകുപ്പുകൾ പ്രകാരം ലഭിച്ച ശിക്ഷ.
എന്നാൽ പ്രതിയുടെ പ്രായവും രോഗാവസ്ഥയും പരിഗണിച്ച് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന വിധിന്യായ പ്രകാരം പ്രതിക്ക് 20 വർഷം കഠിന തടവും ഒന്നര ലക്ഷം രുപ പിഴയും ഒടുക്കിയാൽ മതിയാകും. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പോക്സോ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ സാക്ഷികൾ എല്ലാം പ്രതിയുടെ ബന്ധുക്കൾ ആയതിനാൽ കൂറുമാറ്റത്തെയും അതിജീവിച്ചാണ് തെളിയിക്കപ്പെട്ടത്. ഏനാത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷിച്ച് ചാർജ്ജ് സമർപ്പിച്ചത് ഇൻസ് പെക്ടർ ഓഫ് പോലീസ് ആയിരുന്ന പി.എസ്. സുജിത്താണ്.