കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 35 വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു. ആലങ്ങാട് ബിനാനിപുരം കൊച്ചേരിക്ക ഭാഗം കൊടുവഴങ്ങ കൊട്ടുപുരയ്ക്കൽ വീട്ടിൽ ബേബി എന്ന ശ്രീജിത്തി (29)നെയാണ് പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ.സുരേഷ് തടവും പിഴയും വിധിച്ചത്. 2021 നവംബർ മുതൽ 2022 ജനുവരി വരെയുള്ള കാലഘട്ടത്തിലാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെടുന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പല തവണ ലൈംഗികമായി ബന്ധപ്പെടുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് ബിനാനിപുരം പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റം ചെയ്തു എന്ന് കോടതി കണ്ടെത്തിയത്.
ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വര്‍ഷവും 3 മാസവും അധിക തടവ് അനുഭവിക്കണം. ഇൻസ്പെക്ടർ വി.ആർ.സുനിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി