തിരുവല്ല : പോക്‌സോ കേസ് ഇരകളായ രണ്ട് പെണ്‍കുട്ടികളെ തിരുവല്ലയിലെ അഭയകേന്ദ്രത്തില്‍നിന്ന് കാണാതായി. തുകലശ്ശേരി, വെണ്‍പാലവട്ടം സ്വദേശികളായ 16,15 വയസുള്ള പെണ്‍കുട്ടികളെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായത്. പെണ്‍കുട്ടികളെ കണ്ടെത്താനായി പോലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. കുട്ടികള്‍ സ്വന്തം വീട്ടിലേക്കോ ബന്ധുവീട്ടിലേക്കോ പോയിരിക്കാമെന്നാണ് നിഗമനം. മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടികളെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസിന് എതിര്‍വശത്തുള്ള അഭയകേന്ദ്രത്തിലാണ് പെണ്‍കുട്ടികള്‍ താമസിച്ചിരുന്നത്. പോക്‌സോ കേസിലെ ഇരകളായ പെണ്‍കുട്ടികളെ ഏതാനും ദിവസം മുമ്പാണ് ഇവിടേക്ക് എത്തിച്ചത്. അതിനിടെ പെണ്‍കുട്ടികളെ താമസിപ്പിച്ച അഭയകേന്ദ്രം സാമൂഹികനീതി വകുപ്പിന് കീഴിലുള്ളതാണെന്ന പ്രചരണമുണ്ടായെങ്കിലും വകുപ്പ് അധികൃതര്‍ ഇത് നിഷേധിച്ചു. സാമൂഹികനീതി വകുപ്പിന് കീഴില്‍ തിരുവല്ലയില്‍ അഭയകേന്ദ്രം പ്രവര്‍ത്തിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.