തൃശൂർ : കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന (പോക്‌സോ) കേസുകൾ എട്ട് വർഷത്തിനിടെ ഇരട്ടിയിലധികമായി. 2016ൽ സംസ്ഥാനത്ത് 2,131 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2023ൽ അത് 4,641 ആയി. 2018 മുതലാണ് വർദ്ധന. രണ്ട് വർഷത്തിനിടെ കുത്തനെ കൂടി. അദ്ധ്യാപകർ, സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർ, കുട്ടികളെ താലോലിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കുടുംബാംഗങ്ങൾ, വീട്ടുജോലിക്കാർ തുടങ്ങിയവരാണ് പ്രതിസ്ഥാനത്ത്.
ചൂഷണം ചെയ്യുന്നവരിൽ സ്ത്രീകളുമുണ്ട്. 2022ൽ തൃശൂരിൽ അദ്ധ്യാപികയുടെ ലൈംഗിക ചൂഷണത്തെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് പലപ്പോഴും ചൂഷണം ചെയ്യുന്നത്. ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനങ്ങളെപ്പറ്റി വീട്ടിലും വിദ്യാലയങ്ങളിലും കുട്ടികളെ ബോധവത്കരിക്കുകയാണ് പോംവഴി. തുറന്നുപറയാനും പഠിപ്പിക്കണം.