ഇടുക്കി : ചിത്തിരപുരത്തെ ഹോംസ്റ്റേയില്‍ വെച്ച് വിഷമദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന കാസര്‍കോഡ് സ്വദേശിയായ ജോബിയെന്ന് വിളിക്കുന്ന ഹരീഷ് (33) ആണ് ഇന്ന് രാവിലെയോടെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് തൃശൂര്‍ സ്വദേശിയായ മനോജ് കൊണ്ടുവന്ന മദ്യം ഹോംസ്‌റ്റേ ഉടമ തങ്കപ്പനും ഡ്രൈവര്‍ ജോബിയും ചേര്‍ന്ന് കഴിച്ചത്. സാനിട്ടൈസര്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് ഓണ്‍ലൈന്‍ വഴി വാങ്ങി കളര്‍ചേര്‍ത്താണ് ഇവര്‍ ഉപയോഗിച്ചത്. ആദ്യം മനോജിന് കണ്ണിന് കാഴ്ച മങ്ങുകയും തങ്കപ്പനും ജോബിക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
ഭക്ഷ്യ വിഷബാധയെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് മദ്യം കഴിച്ച വിവരം ഇവര്‍ പറയുകയായിരുന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന തങ്കപ്പന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കണ്ണിന് കാഴ്ച കുറഞ്ഞ മനോജിനെ അങ്കമാലി ആശുപത്രിയില്‍ നിന്നും കൂടുതല്‍ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കും മാറ്റും .