ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറീന ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 11 പേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രിക്കും ചൊവ്വാഴ്ചയ്ക്കുമിടയിലാണ് സംഭവം. ജില്ലാ ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള പഹാവലി ഗ്രാമത്തില്‍ മൂന്ന് പേരും മന്‍പൂര്‍ ഗ്രാമത്തില്‍ എട്ട് പേരും മരിച്ചു. ഗ്വാളിയറില്‍ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷമദ്യ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എത്രപേര് വിഷമദ്യം കഴിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് തിങ്കളാഴ്ച രാത്രി മുതല്‍ മദ്യം കഴിച്ചവര്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശനം തേടുകയായിരുന്നു.
ഭക്ഷ്യയോഗ്യമല്ലാത്ത സ്പിരിറ്റാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. മേഖലയില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അനധികൃത മദ്യ വില്‍പ്പനക്കാരെ അറസ്റ്റ് ചെയ്യാനും റെയ്ഡ് നടത്താനും പോലിസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നതായി മൊറീന എസ്പി അനുരാഗ് സുജാനിയ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11ന് ഉജ്ജൈനില്‍ വിഷമദ്യം കഴിച്ച് 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.