തിരുവനന്തപുരം : നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ ഭരണ-പ്രതിപക്ഷ വാക്പോര്. പ്രതിപക്ഷാംഗങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ ഭരണപക്ഷം ചോദ്യങ്ങളുന്നയിച്ചതിനെ തുടര്‍ന്നാണ് ബഹളം ഉണ്ടായത്.
അഴിമതി ആരോപണങ്ങളില്‍ പ്രതിരോധത്തിലായ സര്‍ക്കാര്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല, വി.ഡി സതീശന്, എം.സി കമറുദ്ദീന്, ഉമ്മന്‍ ചാണ്ടി, അനൂപ് ജേക്കബ് തുടങ്ങിയവര്‍ക്കെതിരേയാണ് ഭരണപക്ഷം രംഗത്തെത്തിയത്. പ്രതിപക്ഷത്തെ അപമാനിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. ഭരണപക്ഷം പോലെയാണ് പ്രതിപക്ഷമെന്ന് വരുത്തി തീര്‍ക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം വിലപ്പോകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ബാര്‍ കേസില്‍ തനിക്കെതിരായ അന്വേഷണത്തെ ഭയമില്ല. ആരുടെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവാണ് അദ്ദേഹത്തിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ തന്നെ ബഹളം വെക്കുന്നുവെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രതിപക്ഷത്തിന്റെ കരണത്തടിച്ചു. ഉളുപ്പില്ലാത്തതു കൊണ്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ഇരുന്ന് ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. അതേസമയം പിന്‍വാതില്‍ നിയമന ആരോപണങ്ങളില്‍ സഭ നിര്ത്തിവവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്കി.