ബംഗളുരു: ആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ മാല മോഷണം പതിവാക്കിയ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. സയൻസിലും കൊമേഴ്സിലും ബിരുദധാരികളായ നേരത്തെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്തിരുന്നവരാണ് ബംഗളുരുവിൽ പോലീസിന്റെ പിടിയിലായത്. ബംഗളുരു ഹൊറമാവ് തിമ്മറെഡ്ഡി ലേഔട്ടിലെ താമസക്കാരായ വി സന്ദീപ്, വി രജത്ത് എന്നിവരാണ് പിടിയിലായത്. രണ്ടാഴ്ച മുമ്പ് എച്ച്.ബി.ആർ ലേഔട്ട് ഫസ്റ്റ് ബ്ലോക്കിൽ വെച്ച് ഒരു വയോധികയെ രണ്ട് പേർ ബൈക്കിൽ പിന്തുടരുകയും പിന്നീട് ഇവരുടെ മാല മോഷ്ടിച്ച് സ്ഥലത്തു നിന്ന് കടന്നുകളയുകയുമായിരുന്നു. പരാതി ലഭിച്ചത് അനുസരിച്ച് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ നിന്ന് നിർണായക വിവരങ്ങളാണ് പ്രതികളിലേക്ക് എത്താൻ പോലീസിന് സഹായകമായത്.
സന്ദീപ് ബിഎസ്‍സി ബിരുദധാരിയും രജത്ത് ബികോം ബിരുദധാരിയുമാണ്. രണ്ട് പേരും നേരത്തെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ചു. പോലീസ് നൽകുന്ന വിവരം അനുസരിച്ച് ആഡംബര ജീവിതത്തിന് പണം തികയാത്തതു കൊണ്ടാണത്രെ ഇവർ ജോലി രാജിവെച്ചത്. തുടർന്ന് മാല മോഷണം പ്രധാന വരുമാന മാർഗമായി സ്വീകരിച്ചു. കഴിഞ്ഞ ഒരു വർഷമായി പല മാല മോഷണങ്ങളും ഇരുവരും ചേർന്ന് നടത്തിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പല പോലീസ് സ്റ്റേഷൻ പരിധികളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇവരാണ് പ്രതി. നേരത്തെ ഒരിക്കൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതാണ്. ഇതിന് ശേഷം വീണ്ടും മാല മോഷണം തുടങ്ങുകയായിരുന്നു. മോഷ്ടിച്ച ബൈക്കാണ് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. പോലീസ് നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷം രൂപയുടെ സ്വർണം ഇവരിൽ നിന്ന് കണ്ടെത്തി.