പത്തനംതിട്ട : പോലീസുദ്യോഗസ്ഥർക്ക് സാനിട്ടൈസർ നിർമ്മിച്ച് നല്കി പോലീസ് അസോസിയേഷൻ. പോക്കറ്റിൽ സൂക്ഷിക്കാവുന്ന ചെറിയ കുപ്പികളിൽ സാനിറ്റൈസർ തയ്യാറാക്കി ജില്ലയിലെ മുഴുവൻ സേനാംഗങ്ങൾക്കും നൽകാനാണ് അസ്സോസിയേഷന്റെ തീരുമാനം. ഇതിനായി 100 മില്ലി വീതമുള്ള 1200 കുപ്പി സാനിറ്റൈസർ തയ്യാറാക്കിയിട്ടുണ്ട്. ഇവ എല്ലാ പോലീസ് സ്റ്റേഷനിലുമെത്തിച്ച് ഉന്നതോദ്യഗസ്ഥരുൾപ്പടെ ജില്ലയിലെ മുഴുവൻ പോലീസുകാരിലുമെത്തിക്കും. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.ജി സൈമൺ നിർവ്വഹിച്ചു. അസ്സോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ് സജു ആദ്യ ബോട്ടിൽ ഏറ്റുവാങ്ങി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ എസ് പി ആർ.ജോസ്, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.എൻ അനീഷ്, സെക്രട്ടറി ജി സക്കറിയ, ജില്ലാ കമ്മിറ്റിയംഗം അനൂപ് മുരളി തുടങ്ങിയവർ സന്നിഹിതരായിരുന്നു.