കോന്നി : കോന്നി നഗരത്തിൽ വാഹന യാത്രക്കാർക്കും കാൽ നട യാത്രക്കാർക്കും ഒരുപോലെ യാത്ര തടസം സൃഷ്ടിച്ചിരിക്കുകയാണ് പോലീസ് ബാറ്റിക്കേഡുകൾ. കേരളത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോലീസ് സെൻട്രൽ ജംഗ്ഷനിൽ സ്ഥാപിച്ചതാണ് ഈ ബാരിക്കേഡുകൾ. എന്നാൽ രണ്ട് വർഷം കഴിഞ്ഞ് കോവിഡ് നിയന്ത്രണ വിധേയം ആയപ്പോഴും ഇത് നീക്കം ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല.
പുനലൂർ മൂവാറ്റുപുഴ പാതയും കോന്നി ആനക്കൂട് റോഡും എല്ലാം സംഗമിക്കുന്ന കോന്നി സെൻട്രൽ ജംഗ്ഷനിൽ നിരവധി യാത്രക്കാർക്കാണ് ബാരികേടിന്റെ മുള്ളുകമ്പിയിൽ തട്ടി വസ്ത്രങ്ങൾ കീറുകയും ശരീരം മുറിയുകയും ചെയ്തിരിക്കുന്നത്. മുള്ള് കമ്പിയുടെ കൂർത്ത ഭാഗങ്ങൾ ആളുകൾ നടന്നുപോകുന്ന വഴിയിലേക്കാണ് നിൽക്കുന്നത്.
ആനകൂടു റോഡിലേക്ക് തിരയുന്ന ഭാഗത്ത് രണ്ട് വശങ്ങളിലും ഇത്തരത്തിൽ ബാരികേട് സ്ഥാപിച്ചിട്ടുണ്ട്. ഇത് മൂലം വാഹനങ്ങൾ തിരിയുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. വശങ്ങൾ കമ്പികളിൽ കൊണ്ട് കെടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. കൂടാതെ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി സെൻട്രൽ ജംഗ്ഷനിൽ കലുങ്ക് നിർമ്മിക്കാൻ കുഴി നിർമ്മിച്ചിരിക്കുന്നതും ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്.