ഗജാപതി: ഒഡീഷയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ കഴിഞ്ഞ മാസമുണ്ടായത് പോലീസിന്റെ നരനായാട്ടെന്ന് അഭിഭാഷകരടങ്ങിയ വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. പള്ളി തകർത്തു, ആദിവാസി സ്ത്രീകളെയും പ്രായപൂർത്തിയാകാത്തവരെയും ആക്രമിച്ചു, സ്വത്ത് നശിപ്പിച്ചു തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഏഴ് അഭിഭാഷകരും ഒരു സാമൂഹിക പ്രവർത്തകനും അടങ്ങുന്നതാണ് വസ്തുതാന്വേഷണ സംഘം. മാർച്ച് 22-ന് ഒഡീഷയിലെ ഗജാപതി ജില്ലയിലുള്ള ജൂബ ഗ്രാമത്തിലുള്ള ക്രിസ്ത്യൻ പള്ളിയിലാണ് പോലീസ് റെയ്ഡിൽ അതിക്രമം നടന്നത്. സംഭവത്തിൽ മലയാളിയായ ഇടവക വികാരി ഫാ. ജോഷി ജോർജ് സഹവികാരി, വിശ്വാസികൾ എന്നിവരെ പോലീസ് ക്രൂരമായി മർദിച്ചെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.
ഇതിന് പിന്നാലെയാണ് അഭിഭാഷക സംഘം സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. വാറന്റില്ലാതെയാണ് പോലീസ് പള്ളിയിൽ പ്രവേശിച്ചത്. ആദിവാസി സ്ത്രീകളും കുട്ടികളും ഞായറാഴ്ച നടത്തിയ കുർബാന ഒരുക്കങ്ങൾ തടസ്സപ്പെടുത്തി, പള്ളി സ്വത്തുക്കൾ നശിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് ഒരു ക്രിസ്ത്യൻ പള്ളിക്ക് നേരെയുള്ള ആദ്യത്തെ പോലീസ് ആക്രമണമാണിതെന്നും സംഘം അവകാശപ്പെട്ടു.കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട റെയ്ഡിലാണ് പോലീസിന്റെ അതിക്രമം ഉണ്ടായത്. പള്ളിക്കുള്ളിൽ വെച്ച് ആദിവാസികളായ രണ്ട് യുവതികളെ അക്രമിച്ച് പോലീസ് വാഹനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയതായും സംഘം പറഞ്ഞു. ഇടപെട്ട ആദിവാസി സ്ത്രീയെ മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. പോക്‌സോ നിയമം ഉൾപ്പടെയുള്ള ഗുരുതരമായ നിയമലംഘനങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായാതായും സംഘം ആരോപിക്കുന്നു.
നിയമവിരുദ്ധ മതപരിവർത്തനം നടത്തിയെന്ന തെറ്റായ ആരോപണം ഉന്നയിച്ചാണ് രണ്ട് പുരോഹിതരെ ശാരീരികമായി ഉപദ്രവിച്ചത്. കൂടാതെ, അവരുടെ വീട്ടിൽ നിന്ന് 40,000 രൂപയും കൊള്ളയടിക്കപ്പെട്ടു. നിരവധി വീടുകളും കൊള്ളയടിക്കപ്പെട്ടു, മോട്ടോർ സൈക്കിളുകൾ, വീട്ടുപകരണങ്ങൾ, ഭക്ഷണസാധനങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടിലുണ്ട്. അതേസമയം ഇത്തരത്തിൽ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും സംഭവത്തിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.പോലീസ് സൂപ്രണ്ടിന് പരാതികൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഔപചാരികമായ മറുപടി ലഭിച്ചിട്ടില്ല. പോലീസ് സേനയ്ക്കുള്ളിലെ വർഗീയവും ജാതിപരവുമായ പക്ഷപാതമാണ് അക്രമത്തിന് കാരണമെന്ന് വസ്തുതാന്വേഷണ സംഘം പറയുന്നു.