പാലക്കാട് : തൃത്താലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍. മൂഹമ്മദിനെയാണ് (ഉണ്ണി) പോലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗക്കുറ്റം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കേസില്‍ നേരത്തെ രണ്ടു പേര്‍ അറസ്റ്റിലായിരുന്നു. മേഴത്തൂര്‍ സ്വദേശി അഭിലാഷിനെയും ചാത്തന്നൂര്‍ സ്വദേശി നൗഫലിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഭിലാഷും നൗഫലും സുഹൃത്തുക്കളാണ്. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി വലയിലാക്കിയത് ഇവരാണ്. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. പ്രതികളെ ഇരുവരെയും വൈദ്യ പരിശോധനക്ക് കൊണ്ടുപോയി.
തന്റെ സൗഹൃദത്തിലുള്ള രണ്ട് പെണ്‍കുട്ടികള്‍ കൂടി ലഹരിമരുന്ന് റാക്കറ്റിന്റെ പിടിയിലകപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് തൃത്താലയില്‍ ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞിരുന്നു. വലിയ സംഘം തന്നെ ഇതിന്റെ പിന്നിലുണ്ടോയെന്ന് സംശയമുണ്ട്. നിരന്തരമായ ഭീഷണിയെത്തുടര്‍ന്ന് സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയതെന്നും പെണ്‍കുട്ടി പറഞ്ഞു. തൃത്താല സംഭവത്തിന് പിന്നില്‍ വലിയ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന സംശയത്തിലേക്കാണ് പെണ്‍കുട്ടിയുടെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.
ആദ്യം ലഹരിമരുന്ന് നല്‍കിയെങ്കിലും ഉപയോഗിച്ചില്ല. നഗ്നചിത്രങ്ങളും വീഡിയോയും കൈയ്യിലുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. കോളേജിലെത്തിയുള്‍പ്പെടെ ഭീഷണി തുടര്‍ന്നതോടെ പഠനം നിര്‍ത്തേണ്ടി വന്നു. സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയത്. പിന്നെ പിന്നെ ലഹരി ഉപയോഗം പതിവായി.
കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ ഉമ്മയെയും എന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ ഒന്നും തുറന്നു പറയാതിരുന്നത്. തുടര്‍ച്ചയായ ലഹരി ഉപയോഗം മൂലം മാനസിക നില തകരാറിലായിരുന്ന പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു.
പ്രശ്നങ്ങളെല്ലാം അവസാനിച്ചാല്‍ പാതി വഴിയില്‍ നിര്‍ത്തിയ പഠനം തുടരണമെന്ന് ആഗ്രഹമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. കൈയ്യില്‍ മുറിവുണ്ടാക്കിയുള്‍പ്പെടെ ലഹരി മരുന്ന് ഉപയോഗിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ചത്.