കോട്ടയം : കള്ളുഷാപ്പില്‍ കയറി ഭക്ഷണം കഴിച്ചിട്ട് പണം നല്‍കാതെ മുങ്ങിയ യുവാക്കളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പോലീസിനെ ഏല്‍പ്പിച്ചു. കുമരകം കണ്ണാടിച്ചാലിന് സമീപമുള്ള കള്ളുഷാപ്പില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ടംഗ സംഘം പണം നല്‍കാതെ മുങ്ങുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഷാപ്പില്‍ എത്തിയ ഇവര്‍ കരിമീന്‍ മപ്പാസും താറാവ് കറിയും എന്നിവയുള്‍പ്പെടെ ആയിരത്തിലധികം രൂപയുടെ ഭക്ഷണം കഴിച്ചു. കാറിലായിരുന്നു ഇവര്‍ ഷാപ്പിലേക്ക് എത്തിയത്. ഭക്ഷണം കഴിച്ചതിന് ശേഷം സംഘത്തിലെ ഒരാള്‍ ആദ്യം പോയി കാറിലിരുന്നു. രണ്ടാമത്തെയാള്‍ ഷാപ്പിലെ ജീവനക്കാരന്‍ ബില്ലെടുക്കാന്‍ പോയ തക്കം നോക്കി മുങ്ങുകയായിരുന്നു. ജീവനക്കാരന്‍ ബില്ലുമായി വന്നപ്പോഴേക്കും ഇവര്‍ കാറുമായി കടന്നുകളഞ്ഞു.
തുടര്‍ന്നായിരുന്നു സിനിമ രംഗങ്ങളില്‍ കാണുന്നത് പോലുള്ള രംഗങ്ങള്‍ അരങ്ങേറിയത്. യുവാക്കള്‍ പണം നല്‍കാതെ മുങ്ങിയെന്ന് മനസ്സിലാക്കിയ ഷാപ്പിലെ ജീവനക്കാര്‍ അടുത്തുള്ള താറാവ് കടക്കാരനെ അറിയിച്ച് തടയാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കാര്‍ അവിടെ നിന്നും പോയിരുന്നു. ഇതോടം ജീവനക്കാര്‍ ബൈക്കെടുത്ത് കാറിന് പിന്നാലെ പായുകയായിരുന്നു. പരിചയമുള്ള നാട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു. ഒപ്പം തന്നെ കാര്‍ കടന്നുപോകാന്‍ സാധ്യതയുള്ള ഇല്ലിക്കലെ ഷാപ്പിലെ ജീവനക്കാരേയും വിവരം അറിയിച്ചു.