തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ശന നിയന്ത്രണം. ലോക്ക്ഡൗണിന് സമാനമായ നാളെ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു. ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. നാളെ പിഎസ്സി നടത്താനിരുന്ന പരീക്ഷകളും മാറ്റി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 8 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. അതേ സമയം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടക്കാന്‍ ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ഡബിള്‍ ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാണ്.
തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. കര്‍ണാടക അതിര്‍ത്തികളായ ബാവലി, മുത്തങ്ങ, തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റുകളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. ചെക്ക്‌പോസ്റ്റുകളില്‍ ഡ്യൂട്ടിയെടുക്കുന്ന ജീവനക്കാര്‍ ജോലി കൃത്യമായി നിര്‍വഹിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട തഹസില്‍ദാര്‍ ഉറപ്പാക്കണം. ഇതിന് പുറമേ ചെക്ക്‌പോസ്റ്റുകളിലെ പോലീസ് സേവനം ജില്ല പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ വിലയിരുത്തും. അതിര്‍ത്തി ഗ്രാമങ്ങളിലെ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇളവ് നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍ ദിവസവും അതിര്‍ത്തി കടന്ന് ജോലിക്ക് പോകുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്ര പാസ് നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.