തിരുവനന്തപുരം: എ.ഡി.ജി.പി ഓഫീസിലെ പോലീസുകാരന്‍ ഫിറ്റായപ്പോള്‍ നാടും നഗരവും മാത്രമല്ല പോലീസ് ആസ്ഥാനം വരെ വിറച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സംസ്ഥാന പോലീസില്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫീസിലെ പോലീസുകാരനാണ് മദ്യലഹരിയില്‍ തിരുവനന്തപുരം റൂറല്‍ പോലീസിനെയും ഐ.ജി ഉള്‍പ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥരെയും വിറപ്പിച്ചത്.
സംഭവദിവസം ഡ്യൂട്ടിക്ക് പോകാതിരുന്ന ഇയാള്‍ സ്വന്തം വീട്ടില്‍ നിന്ന് സമീപത്തെ ബന്ധുവീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് നാടിനെ വിറപ്പിച്ച സംഭവവികാസങ്ങള്‍ അരങ്ങേറിയത്. വാഹനം ഓടിക്കാന്‍ കഴിയാത്ത വിധം മദ്യലഹരിയിലായിരുന്ന പോലീസുകാരന്റെ ബൈക്ക് യാത്രാമദ്ധ്യേ നിന്നുപോയി. ബൈക്ക് സ്റ്റാര്‍ട്ടാക്കാനുള്ള ശ്രമത്തിനിടെ ബൈക്കില്‍ നിന്ന് തീയും പുകയും ഉയര്‍ന്നു.നിമിഷനേരം കൊണ്ട് ബൈക്ക് കത്തി. ബൈക്കിന് തീപിടിച്ചതോടെ ഇയാള്‍ ബഹളമുണ്ടാക്കി. ഓടിക്കൂടിയ നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്ന് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും ബൈക്ക് പൂര്‍ണമായും കത്തിയമര്‍ന്നു. ബൈക്കിന് തീപിടിച്ച വിവരം പോലീസുകാരന്‍ വെഞ്ഞാറമൂട് പോലീസിനെ അറിയിച്ചു. സംഭവസ്ഥലം കൃത്യമായി മനസിലാക്കും മുമ്പേ പോലീസുകാരന്റെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായി. എ.ഡി.ജി.പി ഓഫീസില്‍ ജോലി നോക്കുന്നയാളാണെന്നും ബൈക്ക് കത്തിയെന്നും പോലീസിന് മനസിലായെങ്കിലും സംഭവസ്ഥലം എവിടെയെന്ന് വ്യക്തതയില്ലാതായി. പലതവണ സ്റ്റേഷനില്‍ നിന്ന് തിരിച്ചുവിളിച്ചെങ്കിലും പോലീസുകാരന്റെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന മറുപടിയാണ് ലഭിച്ചത്.
ഏറെ നേരം പലസ്ഥലങ്ങളിലായി ചുറ്റിക്കറങ്ങിയ പോലീസ് ഒടുവില്‍ എങ്ങനെയോ ബൈക്ക് കത്തിയ സ്ഥലത്തെത്തി. ജീപ്പിലെത്തിയ സി.ഐയെയും സംഘത്തെയും കണ്ടതും പോലീസുകാരന്‍ രോഷാകുലനായി. നാട്ടുകാരുടെ മുന്നില്‍ വച്ച് സി.ഐയെയും പോലീസുകാരെയും വിരട്ടി. എ.ഡി.ജി.പി ഓഫീസിലാണ് താന്‍ ജോലി ചെയ്യുന്നതെന്നും കാണിച്ചുതരാമെന്നും മറ്റും പറഞ്ഞ് ഇയാള്‍ തട്ടിക്കയറിയെങ്കിലും മദ്യപിച്ച് ബഹളമുണ്ടാക്കുന്ന പോലീസുകാരനെ പിടികൂടാനോ വൈദ്യപരിശോധന നടത്താനോ പോലീസ് തയ്യാറായില്ല. ബൈക്ക് കത്തിയതിന്റെ ഫോട്ടോ പകര്‍ത്തിയശേഷം നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കി സി.ഐയും സംഘവും സ്ഥലം വിട്ടു.
പിന്നാലെ അര്‍ദ്ധരാത്രി ഡിവൈ.എസ്.പി മാരെയും ഐ.ജിയെയുമുള്‍പ്പെടെ പലരെയും പോലീസുകാരന്‍ വിളിച്ചുണര്‍ത്തി. സി.ഐയ്ക്കും പോലീസുകാര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു വിളികള്‍. വനിതാ ഓഫീസര്‍മാരുള്‍പ്പെടെ പലരുടെയും ഉറക്കം പോയതോടെ പോലീസ് ആസ്ഥാനത്ത് നിന്ന് റൂറല്‍ പോലീസ് ജില്ലയിലേക്ക് തലങ്ങും വിലങ്ങും വിളികളായി. ഉന്നത ഉദ്യോഗസ്ഥരടക്കം പലരും അടുത്തദിവസം റൂറല്‍ എസ്.പിയെ വിളിച്ച് സംഭവം അന്വേഷിച്ച് തുടങ്ങി. മദ്യപിച്ച് മുമ്പും പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ചരിത്രമുള്ളയാളാണ് പോലീസുകാരനെന്ന് തിരിച്ചറിഞ്ഞ എസ്.പി സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.
മദ്യലഹരിയില്‍ പോലീസുകാരനുണ്ടാക്കിയ പ്രശ്നങ്ങളാണെന്ന നിലയില്‍ ഡിവൈ.എസ്.പി മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബൈക്ക് നാട്ടുകാര്‍ കത്തിച്ചതാണെന്നായിരുന്നു പോലീസുകാരന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പോലീസുകാരന്‍ കത്തിച്ചതാണെന്ന നിലയില്‍ നാട്ടുകാരില്‍ ചിലര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് രഹസ്യവിവരം കൈമാറിയതോടെ ബൈക്ക് കത്തിയ സംഭവത്തില്‍ ലോക്കല്‍ പോലീസും വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. മദ്യലഹരിയില്‍ പൊതുസ്ഥലത്ത് ബഹളം വയ്ക്കുകയും പോലീസിനോട് അപമര്യാദയായി പെരുമാറുകയും ചെയ്ത പോലീസുകാരനെതിരെ നിയമനടപടി സ്വീകരിക്കാതിരുന്നത് ലോക്കല്‍ പോലീസിന് സംഭവിച്ച വീഴ്ചയായും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തില്‍ പോലീസുകാരനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.