പുനെ : പതിനൊന്നുകാരനെ കൊണ്ട് ഗ്രാമ അമ്പലത്തിലെ ദേവതയെ കല്യാണം കഴിപ്പിക്കാന്‍ ശ്രമം പോലീസ് ഇടപെട്ടു തടഞ്ഞു. ‘ജെന്‍മാല്‍’ എന്ന പേരില്‍ പ്രദേശത്ത് നിലനില്‍ക്കുന്ന അന്ധവിശ്വാസ പ്രകാരമാണ് പതിനൊന്ന് വയസ്സുള്ള ആണ്‍കുട്ടിയും ഗ്രാമത്തിലെ ആരാധന മൂര്‍ത്തിയായ ‘ദേവി’യും തമ്മിലുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചത്. മഹാരാഷ്ട്രയിലെ അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി അംഗങ്ങളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വിവാഹചടങ്ങ് ഉപേക്ഷിച്ചത്. സമിതി പോലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന്, പോലീസ് ഇടപെട്ട് ചടങ്ങ് നിര്‍ത്തി വെക്കുകയുമായിരുന്നു.
നവംബര്‍ 28നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. 23 ന് ഹല്‍ദി ചടങ്ങുകള്‍ നടന്നിരുന്നു. നവംബര്‍ 27ന് കുട്ടിയേയും മാതാപിതാക്കളേയും അടുത്ത ബന്ധുക്കളേയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഗ്രാമത്തിലെ ഗുരുജിയാണ് വിവാഹത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. ഇതനുസരിച്ച് ഗുരുജിയുമായി ബന്ധപ്പെട്ട പോലീസിനോട് തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു ഗുരുജിയുടെ പ്രതികരണം. തുടര്‍ന്ന് വിവാഹം നടത്തില്ലെന്ന് വീട്ടുകാര്‍ പോലീസിനെ അറിയിച്ചു. വിവാഹത്തിന് വേണ്ടി ചെലവഴിക്കാനിരുന്ന പണം കുട്ടിയുടെ വിദ്യാഭ്യാസത്തിന് ചെലവഴിക്കാമെന്ന് മാതാപിതാക്കള്‍ പോലീസിനും സമിതി പ്രവര്‍ത്തകര്‍ക്കും ഉറപ്പ് നല്‍കി.