തിരുവനന്തപുരം : പോലീസിന്‍റെ തെമ്മാടിത്തരങ്ങള്‍ കൂടുന്നു. ഭരണകക്ഷിയില്‍ അതൃപ്തി. കിളികൊല്ലൂരില്‍ ഉള്‍പ്പെടെ പോലീസ് അടുത്തിടെ നടത്തിയ അതിക്രമങ്ങളില്‍ ഇടതുമുന്നണിയില്‍ കടുത്ത അതൃപ്തി. സിപിഎമ്മിനുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ അമര്‍ഷം പുകയുകയാണ്. പാര്‍ട്ടിപ്രവര്‍ത്തകരുടെയും അനുഭാവികളുടെയും മനോവീര്യം തകര്‍ക്കുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് വേണ്ടത്ര ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന പരാതി ശക്തമായി.
ഇതോടെ പോലീസില്‍ സമഗ്ര അഴിച്ചു പണിക്ക് സര്‍ക്കാര്‍ പദ്ധതി ഇടുകയാണ്. പോലീസ് മേധാവി അനില്‍കാന്തിനെ മാറ്റുന്നതും ചര്‍ച്ചകളിലുണ്ട്. രണ്ടു കൊല്ലത്തേക്കാണ് അനില്‍കാന്തിന്‍റെ പദവി. അതുകൊണ്ട് സാധാരണ ഗതിയില്‍ അനില്‍കാന്തിനെ മാറ്റാനാകില്ല. എന്നാല്‍ പ്രശ്‌നക്കാരനല്ലാത്ത അനില്‍കാന്തിനെ അനുനയത്തിലൂടെ മാറ്റാനാണ് ആലോചന. അനില്‍കാന്ത് സ്വയം രാജിവെയ്‌പ്പിക്കാനുള്ള സാധ്യതകളാണ് തേടുന്നത്.
അനില്‍കാന്തിന് പകരം കെ പത്മകുമാറിനെ പോലീസ് മേധാവിയാക്കാനാണ് ആലോചന. നിലവില്‍ എഡിജിപിയായ പത്മകുമാറിന് താമസിയാതെ ഡിജിപി പദവി കിട്ടും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിട്ടിക്കല്‍ സെക്രട്ടറി പി ശശിയുമായി നല്ല ബന്ധത്തിലാണ് പത്മകുമാര്‍. പോലീസില്‍ സര്‍ക്കാരിന് കൂടുതല്‍ സ്വാധീനം വരാന്‍ പോലീസ് മേധാവിയായി പത്മകുമാര്‍ എത്തുന്നതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. തന്നെ പോലീസ് മേധാവിയാക്കുമെന്ന സൂചനകള്‍ പത്മകുമാറും അടുപ്പക്കാര്‍ക്ക് നല്‍കുന്നുണ്ട്.
കേരളാ പോലീസിലെ സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരില്‍ നിന്നും യുപി എസ് സിയാണ് പോലീസ് മേധാവിയെ കണ്ടെത്താനുള്ള ചുരുക്കപ്പട്ടിക സര്‍ക്കാരിന് നല്‍കുന്നത്. ഇതില്‍ പത്മകുമാര്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കാന്‍ സര്‍ക്കാരും ഇടപെടല്‍ നടത്തും. അധികാരത്തിലുള്ള സര്‍ക്കാരിനോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്നതാണ് പത്മകുമാറിന്‍റെ ശൈലി. ഇത് പല വിവാദങ്ങളും ഉണ്ടാക്കിയിട്ടുമുണ്ട്. എന്നാല്‍ തെളിവില്ലാ കേസുകളായി ഇതെല്ലാം മാറി.
സോളാര്‍ കേസിലും പത്മകുമാറിനെ കുടുക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ യുപി എസ് സിയും പത്മകുമാറിന് ക്ലീന്‍ ചിറ്റ് നല്‍കും. നിലവില്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിന്‍റെ ചുമതലയുള്ള എഡിജിപിയാണ് പത്മകുമാര്‍. എന്നാല്‍ പോലീസ് മേധാവിയാക്കാന്‍ പരിഗണിക്കുന്നതിനാലാണ് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ചുമതലയില്‍ നിന്നും മാറ്റാത്തത്. പോലീസ് ആസ്ഥാനത്തെ ഏറ്റവും അധികാരമുള്ള ഉദ്യോഗസ്ഥാനാണ് ഇന്ന് പത്മകുമാര്‍. മനോജ് എബ്രഹാമിനെ വിജിലന്‍സിലേക്ക് മാറ്റിയും പത്മകുമാറിന് കൂടുതല്‍ പ്രാധാന്യം കിട്ടാന്‍ വേണ്ടിയാണ്. പോലീസ് മേധാവി സ്ഥാനം ഒഴിയാന്‍ തയ്യാറായാല്‍ അനില്‍കാന്തിന് പകരമൊരു സ്ഥാനം നല്‍കുo.
പോലീസിനെതിരെ കടുത്ത നിലപാടിലാണ് ഇടതു മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയും. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തും പോലീസിന്‍റെ ഭാഗത്ത് ഇത്തരം നടപടികളുണ്ടായിരുന്നു. ഇപ്പോള്‍ അത് വളരെ രൂക്ഷമാകുന്നുവെന്നാണ് പാര്‍ട്ടിയിലെയും മുന്നണിയിലെയും പരാതി. ഇടതുമുന്നണിയുടെ പ്രത്യേകിച്ച് സിപിഎമ്മിന്‍റെ ഭാഗമാണെന്നറിഞ്ഞാല്‍ അവരോടു വളരെ മോശമായി ഇടപെടുന്നത് പോലീസ് പതിവാക്കിയിരിക്കുന്നുവെന്നാണ് വിമര്‍ശനം. നേരത്തെ പരസ്യമായിത്തന്നെ ഡിവൈഎഫ്‌ഐ കോഴിക്കോട്ടും മറ്റും പോലീസിനെതിരേ രംഗത്തുവന്നിരുന്നു. സിപിഐക്കും പോലീസ് നയത്തില്‍ കടുത്ത വിയോജിപ്പാണ്.