കല്ലമ്പലം: കല്ലമ്പലം പോലീസ് സ്റ്റേഷന്റെ വിശ്രമമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പോലീസ് ഡ്രൈവറും സിവില്‍ ഓഫീസറുമായ മനോജ് സൗമ്യനായ ഉദ്യോഗസ്ഥനെന്ന് സഹപ്രവര്‍ത്തകര്‍.
ജോലിയില്‍ കൃത്യനിഷ്ഠതയുള്ള മനോജ് സഹപ്രവര്‍ത്തകര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. ജോലി സംബന്ധമായ സമ്മര്‍ദമൊന്നുമില്ലെന്ന് പോലീസ് പറയുന്നു. ഡ്യൂട്ടി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു മനോജ്. സി.ഐ, എസ്.ഐ എന്നിവരാരും തന്നെ സ്റ്റേഷനിലുണ്ടായിരുന്നില്ല. റൈറ്ററും പാറാവുകാരനും മാത്രമായിരുന്നു സ്റ്റേഷനിലെന്നാണ് ഓഫീസ് ഭാഷ്യം.
കടബാധ്യതയോ മറ്റ് കുടുംബപ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും പറയുന്നു. സ്റ്റേഷനുള്ളില്‍ തന്നെ മനോജ് ജീവനൊടുക്കാന്‍ കാരണം സ്റ്റേഷനള്ളില് നിന്നുതന്നെയുള്ള സമ്മര്‍ദം തന്നെയാണെന്നാണ് അടുത്ത സുഹൃത്തുക്കളുടെ അഭിപ്രായം.
പുലര്‍ച്ചെ സന്തോഷത്തോടെ യാത്ര പറഞ്ഞ് പോയ ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങേണ്ടി വന്ന ഭാര്യക്കും ബന്ധുക്കള്‍ക്കും മനോജിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന അഭിപ്രായം തന്നെയാണുള്ളത്. പോസ്റ്റ്മോര്‍ട്ടവും കോവിഡ് ടെസ്റ്റും കഴിഞ്ഞ് മനോജിന്റെ മൃതദേഹം വെള്ളിയാഴ്ച രാത്രി എട്ടോടെ പാളയംകുന്നിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.