കോഴിക്കോട്: ഇന്ന് പുലര്‍ച്ചെ നാലരയോടെ രാമനാട്ടുകര പുളിഞ്ചോടിനടുത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കാര്‍ യാത്രികര്‍ വിവിധ കേസുകളിലെ പ്രതികളെന്ന് പോലീസ് കണ്ടെത്തല്‍. യാത്രാ സംഘം സ്വര്‍ണക്കടത്ത് ഇടനിലക്കാരെന്ന് സൂചന.
സ്വര്‍ണക്കടത്തിനായി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇടനിലക്കാരുടെ പ്രവര്‍ത്തനം. 15 വണ്ടികള്‍ അടങ്ങിയ സംഘമാണ് ഗ്രൂപ്പിലുള്ളത്. അപകടം നടന്ന സമയത്ത് ഈ കാറിനൊപ്പം ഉണ്ടായിരുന്നുവെന്ന് കരുതപ്പെട്ടിരുന്ന ഒരു ഇന്നോവ കാറിലെ ആറ് പേരെയാണ് ഇപ്പോൾ ഫറോക്ക് പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നത്. മൂന്ന് വാഹനങ്ങളിലായി 15 പേരാണ് സംഘത്തിലുണ്ടായിരുന്നത് എന്ന് സിറ്റി പോലീസ് കമ്മീഷണർ എ വി ജോർജ് വ്യക്തമാക്കി. കരിപ്പൂരിൽ ഒരു സുഹൃത്തിനെ യാത്രയാക്കാൻ എത്തിയതാണെന്നാണ് ഈ കാറിലുള്ളവർ പറയുന്നതെങ്കിലും പലരും പറയുന്ന മൊഴികളിൽ പൊരുത്തക്കേടുണ്ട്.
അഞ്ചു പേരാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ എല്ലാവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് ചെര്‍പ്പുളശ്ശേരി പോലീസ് വ്യക്തമാക്കി. എസ്‌കോര്‍ട്ട് പോയ സംഘമാണ് അപകടത്തില്‍ മരിച്ചത്. നേരത്തെ എസ്ഡിപിഐ പ്രവര്‍ത്തകരായിരുന്ന ഇവരെ പാര്‍ട്ടിയില്‍ നിന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയിരുന്നു. മരിച്ച താഹിര്‍ വാഹനം തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ കേസുകളിലെ പ്രതിയാണ്. മരിച്ച നാസറിന് എതിരെയും ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് എല്ലാവരുടെയും വീടുകളുള്ളത്.
ഇവരുടെ യാത്രയെപ്പറ്റി വീട്ടുകാര്‍ക്കും വിവരമില്ല. താഹിറിന്റെ അമ്മാവന്റെ വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. ചരല്‍ ഫൈസല്‍ എന്നയാളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുകയാണ്. അതേസമയം കേസില്‍ ദുരൂഹതയുണ്ടെന്ന് രാമനാട്ടുകര പോലീസും ഉറപ്പിച്ച് പറയുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.